കാഥിക സമ്രാട്ട് വി സാംബശിവന്റെ 27–-ാമത് ചരമവാർഷികം ജന്മനാട്ടിൽ സമുചിതമായി ആചരിച്ചു. തെക്കുംഭാഗം മേലൂട്ട് തറവാട്ടുമുറ്റത്തുള്ള സ്മൃതിമണ്ഡപത്തിൽ രാഷ്ട്രീയ–- സാമൂഹിക–- സാംസ്കാരിക രംഗങ്ങളിൽനിന്ന്‌ നിരവധി പേർ രാവിലെ പുഷ്പാർച്ചന നടത്തി. വി സാംബശിവൻ സാംസ്കാരിക സമിതിയും മേലൂട്ട് ശാരദ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് ഗുഹാനന്ദപുരം ക്ഷേത്രമൈതാനത്ത് സംഘടിപ്പിച്ച വി സാംബശിവൻ അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്തു. വി സാംബശിവൻ സ്മാരക ദേശീയപുരസ്കാരം നാടകപ്രതിഭ കെ എം ധർമന് എം വി ഗോവിന്ദൻ കൈമാറി. 25,000 രൂപയും ഫലകവും പൊന്നാടയുമടങ്ങുന്നതാണ്‌ പുരസ്‌കാരം. കഥാപ്രസംഗ പ്രസ്ഥാനത്തിന് സമഗ്രസംഭാവന നൽകിയ തൊടിയൂർ വസന്തകുമാരിക്ക് സാംബശിവൻ സ്മാരക കാഥികരത്ന പുരസ്കാരവും സീന പള്ളിക്കരയ്ക്ക് കാഥിക പ്രതിഭ പുരസ്കാരവും നൽകി. കാഥികൻ അയിലം ഉണ്ണിക്കൃഷ്ണനെയും ചടങ്ങിൽ ആദരിച്ചു. സമിതി രക്ഷാധികാരി വി സുബ്രഹ്മണ്യൻ അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ ആർ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ബിനോയ് വിശ്വം എംപി മുഖ്യപ്രഭാഷണം നടത്തി.  സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സുജിത് വിജയൻപിള്ള എംഎൽഎ, വസന്തകുമാർ സാംബശിവൻ, ഷാജി എസ് പള്ളിപ്പാടൻ, ടി എൻ നീലാംബരൻ, പി സാബു, ആർ സുരേഷ്, ആർ ഷാജിശർമ എന്നിവർ സംസാരിച്ചു. വി സാംബശിവൻ സാംസ്കാരിക സമിതി സെക്രട്ടറി ആർ സന്തോഷ് നന്ദി പറഞ്ഞു.