കൊല്ലം ജില്ലയിലെ മുളവന, തൃക്കടവൂര്‍, കൊല്ലം വെസ്റ്റ് സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളുടെ ഉദ്‌ഘാടനം റവന്യൂ ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിർവഹിച്ചു. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് സ്മാര്‍ട്ട് വില്ലേജ് ഓഫിസുകൾ നിർമിച്ചത്.

സംസ്ഥാനത്ത് പട്ടയമിഷനിലൂടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ഭൂമിയെന്ന ലക്ഷ്യം ഉടന്‍ പ്രാവര്‍ത്തികമാക്കുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. നവംബര്‍ ഒന്നോടുകൂടി വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടേറിയറ്റ് വരെയുള്ള ഓഫീസുകള്‍ സ്മാര്‍ട്ടാക്കും. അനധികൃത ഭൂമി പിടിച്ചെടുത്ത് സംസ്ഥാനത്തെ ഭൂരഹിതർക്ക് വിതരണം ചെയ്യും. റവന്യൂ വകുപ്പിന്റെ സമ്പൂര്‍ണ ഡിജിറ്റലൈസേഷനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 94 ലക്ഷം കുടുംബങ്ങളിലെ ഒരംഗത്തെയെങ്കിലും വകുപ്പിന്റെ സേവനങ്ങള്‍ ഡിജിറ്റലായി സ്വീകരിക്കാന്‍ പ്രാപ്തരാക്കുന്ന തരത്തില്‍ റവന്യൂ ഇ-സാക്ഷരത നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പൂര്‍ണമായും ഇ-ഫയലിങ് സമ്പ്രദായത്തിലേക്ക് മാറുന്നതോടെ സേവനങ്ങള്‍ കുറ്റമറ്റ രീതിയില്‍ അതിവേഗത്തില്‍ ലഭ്യമാകും. ഭൂമി വേഗത്തില്‍ അളക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ കോര്‍സിന്റെ 28 സ്റ്റേഷനുകള്‍ സ്ഥാപിച്ചതിലൂടെ റീസര്‍വേ നടപടികള്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ ഇതിനോടകം 41 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ഓഫീസുകളായി മാറ്റിയെന്നും അദ്ദേഹം അറിയിച്ചു.