
ഇന്നലെ രാവിലെ 8 മണിയോടെ ചെങ്ങന്നൂര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ രക്തസ്രാവത്തെ തുടര്‍ന്ന് മുളക്കുഴ സ്വദേശിനിയായ യുവതി എത്തിയത്. പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചതായും കുഴിച്ചിട്ടതായും യുവതി ഡോക്ടറോട് പറഞ്ഞു. എന്നാല്‍ കുഞ്ഞ് ബക്കറ്റില്‍ ഉണ്ടെന്ന് ഒപ്പം ഉണ്ടായിരുന്ന മൂത്ത മകന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഡോക്ടര്‍ പോലീസില്‍ വിവരം അറിയിച്ചത്.

ആശുപത്രിയിലെത്തിയ പോലീസ് കുട്ടിയെ ശുചിമുറിയിലെ ബക്കറ്റില്‍ സൂക്ഷിച്ചതായി അറിയിച്ചതോടെ യുവതി താമസിച്ചിരുന്ന വാടക വീട്ടിലേക്ക് പോലീസ് സംഘം പോകുകയായിരുന്നു. ബക്കറ്റിനുള്ളില്‍ തുണിയില്‍ പൊതിഞ്ഞ ആണ്‍കുഞ്ഞിനെ കണ്ട എസ്‌ഐ എം.സി അഭിലാഷ് ബക്കറ്റും കുഞ്ഞുമായി ഓടി പോലീസ് വാഹനത്തില്‍ വേഗം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുഞ്ഞിന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലെ ശിശുവിഭാഗത്തിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
പോലീസിന്റെയും ആശുപത്രി അധികൃതരുടെയും അതിവേഗ ഇടപെടലാണ് ഈ കുഞ്ഞുജീവന്‍ രക്ഷപ്പെടുത്താനായത്.


