കേരളത്തിന്റെ കായിക മേഖലയിൽ പുത്തനുണർവ്വ് സമ്മാനിക്കാൻ ഉതകുന്ന ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ എന്ന ബൃഹദ് പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും നിലവാരമുള്ള കളിക്കളങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി ഒരുങ്ങും.

തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാടാണ് പദ്ധതി തുടക്കം കുറിക്കുന്നത്. മെച്ചപ്പെട്ട കായിക സംസ്കാരം ആരോഗ്യവും സന്തോഷവും നിറഞ്ഞ സമൂഹ നിർമ്മിതിയ്ക്ക് അനിവാര്യമാണ്. ആ ലക്ഷ്യം മുൻനിർത്തിയാണ് ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 450 തദ്ദേശസ്ഥാപനങ്ങൾ നിലവാരമുള്ള കളിക്കളങ്ങളുടെ അഭാവം നേരിടുന്നുണ്ട്.

മൂന്നു വര്‍ഷത്തിനകം ഈ പഞ്ചായത്തുകളിലെല്ലാം കളിക്കളം ഒരുക്കും. ആദ്യ ഘട്ടത്തില്‍ 113 പഞ്ചായത്തുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ നിശ്ചയിച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഒരു കളിക്കളത്തിന് 1 കോടി രൂപ ചിലവു വരും. ഇതില്‍ 50 ലക്ഷം കായികവകുപ്പ് മുടക്കും. എം എല്‍ എ ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട്, സി എസ് ആര്‍, പൊതു-സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂടെ ബാക്കി തുകയും കണ്ടെത്തും.

പ്രായഭേദമില്ലാതെ മേഖലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന കായിക, ഫിറ്റ്‌നസ് കേന്ദ്രം ആണ് ഒരുക്കുക. ഏതു കായികയിനത്തിനുള്ള സൗകര്യമാണ് ഒരു പഞ്ചായത്തില്‍ ആവശ്യമെന്ന് കണ്ടെത്തി അതാണ് പ്രധാനമായും തയ്യാറാക്കുക. കോർട്ടുകൾക്ക് പുറമേ നടപ്പാത, ഓപ്പണ്‍ ജിം, ടോയ്‌ലറ്റ്, ലൈറ്റിങ്ങ് തുടങ്ങിയ സംവിധാനങ്ങളും ഉണ്ടാകും. പ്രാദേശികതല ഒത്തുചേരലും സാമൂഹിക ഇടപെടലും മെച്ചപ്പെടുത്താന്‍ സഹായകമായ കേന്ദ്രം കൂടിയായീ കളിക്കളങ്ങൾ വർത്തിക്കും.

error: Content is protected !!