
ദേശീയ ഭക്ഷ്യ ഭദ്രത നിയമനം 2013 പ്രകാരം പൊതുവിതരണ സമ്പ്രദായം സോഷ്യൽ ഓഡിറ്റിന് വിധേയമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ പൊതു വിതരണ സംവിധാനത്തിന്റെ ഓഡിറ്റിന് (2022-23) തുടക്കമായി. കേരള സർവകലാശാലയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സിലെ ഗവേഷണ കേന്ദ്രമായ സെന്റർ ഫോർ അഗ്രോ ഇക്കോളജി ആൻഡ് പബ്ലിക് ഹെൽത്താണ് സോഷ്യൽ ഓഡിറ്റ് നടത്തുന്നത്.
കാര്യക്ഷമവും സുതാര്യവും അഴിമതി രഹിതവുമായ പൊതുവിതരണ സമ്പ്രദായം ഉറപ്പാക്കുന്നതിനു 2016 ൽ നടപ്പിലാക്കിയ ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരമുള്ള പൊതുവിതരണ സമ്പ്രദായത്തിന്റെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനുമായി കേരളത്തിലുടനീളം 500 റേഷൻ കടകളുടെയും ഇരുപത്തയ്യായിരത്തോളം ഗുണഭോക്താക്കളുടെയും വിവരങ്ങൾ ശേഖരിച്ച് പഠനം നടത്തും. തുടർന്ന് അതത് താലൂക്കുകളിൽ ഗ്രാമസഭകൾ വിളിച്ചുകൂട്ടുകയും പബ്ലിക് ഹിയറിങ് സംഘടിപ്പിക്കുകയും ചെയ്യും. കേരള സർവകലാശാലയുടെ ഇക്കണോമിക്സ് വിഭാഗം പ്രൊഫസർ ഡോ. മഞ്ജു എസ് നായരുടെ നേതൃത്വത്തിൽ നാല്പത്തഞ്ചോളം ഫീൽഡ് കോ-ഓർഡിനേറ്റർമാരും, അതത് ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർമാരും അടങ്ങുന്ന സംഘമാണ് സോഷ്യൽ ഓഡിറ്റിങ്ങിൽ പങ്കാളികളാകുന്നത്.
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ഭാഗമായ എലിജിബിലിറ്റി ക്രൈറ്റീരിയ, പോർട്ടബിലിറ്റി, സപ്ലൈ ചെയിൻ മാനേജ്മെന്റ്, ബയോമെട്രിക് സംവിധാനം തുടങ്ങിയ സജ്ജീകരണങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനും, നിലവിലെ പൊതുവിതരണ സമ്പ്രദായത്തെക്കുറിച്ച് ഗുണഭോക്താക്കളുടെ അഭിപ്രായം ആരായുന്നതും സോഷ്യൽ ഓഡിറ്റിന്റെ ലക്ഷ്യങ്ങളാണ്.

