രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വനിതാ സംരംഭകരും സ്വയംസഹായ സംഘങ്ങളും ദേശിംഗനാട്ടിലേക്ക്‌. ഗ്രാമീണ സംരംഭകർക്ക്‌ ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വിൽക്കുന്നതിന്‌ മികച്ച വിപണി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സരസ്‌ മേളയിലേക്കാണ്‌ ഇവരെത്തുക. കൊല്ലം ആശ്രാമം മൈതാനമാണ്‌ ഇക്കുറി സരസ് മേളക്ക് ആതിഥേയത്വം വഹിക്കുക. ഏപ്രിൽ 27 മുതൽ മെയ് ഏഴു വരെ സംസ്ഥാന സർക്കാർ നേതൃത്വത്തിൽ കുടുംബശ്രീ സംസ്ഥാന മിഷനാണ് മേള സംഘടിപ്പിക്കുന്നത്.
കൊല്ലത്തിന്റെ ഉത്സവാഘോഷങ്ങൾക്ക്‌ കൂടുതൽ നിറം പകരുന്ന മേളയിൽ 28 സംസ്ഥാനങ്ങളിൽനിന്നും എട്ട്‌ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള സംരംഭകർ പങ്കെടുക്കും. രാജ്യത്തെ വിവിധ രുചി വൈവിധ്യങ്ങൾ അനുഭവിച്ചറിയാൻ 30 ഫുഡ് സ്റ്റാളുകൾ ഉൾപ്പെടുന്ന “ഇന്ത്യ ഫുഡ് കോർട്ട്’ ഭക്ഷ്യമേളയും സംഘടിപ്പിക്കും. 275 വിപണന സ്റ്റാളുകളും കലാപരിപാടികളും സിമ്പോസിയവും മേളയ്‌ക്ക്‌ കൊഴുപ്പേകും.
ഗ്രാമവികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന മേളയിൽ രാജ്യത്തെ ഗ്രാമീണ കരകൗശല വിദഗ്ധർ, തൊഴിലാളികൾ, സ്വയംസഹായ സംഘങ്ങൾ എന്നിവർക്ക് ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനും അവസരം ഉണ്ടാകും. വിവിധ സംസ്ഥാനങ്ങളിലെ സാംസ്കാരികവും കലാപരവും പരമ്പരാഗതവുമായ പൈതൃകമൂല്യങ്ങളെ അടുത്തറിയാനും മേള അവസരമൊരുക്കും.
മേളയോട്‌ അനുബന്ധിച്ച്‌ വിവിധ സിഡിഎസുകളിലെ ബഡ്‌സ് സ്കൂൾ കുട്ടികളുടെയും കലാകാരന്മാരുടെയും നേതൃത്വത്തിൽ കലാപരിപാടികളും സംഘടിപ്പിക്കും.