
കെ – സ്റ്റോർ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരിൽ മെയ് 14ന് മുഖ്യമന്ത്രി നിർവഹിക്കും
സംസ്ഥാനത്തെ റേഷൻ കടകളെ പശ്ചാത്തല സൗകര്യം വിപുലമാക്കി കെ സ്റ്റോറുകളാക്കി മാറ്റുന്നു. സ്മാർട്ട് കാർഡുകളുടെ സഹായത്തോടെ മിനി ബാങ്കിംഗ്, യൂട്ടിലിറ്റി പേയ്മെന്റ്, ഛോട്ടു ഗ്യാസ് വിതരണം, മിൽമ ഉൽപന്നങ്ങൾ , ശബരി ബ്രാൻഡ് ഉൽപന്നങ്ങൾ , ഓൺലൈൻ / ഇതര സേവനങ്ങൾ ലഭ്യമാകുന്ന കോമൺ സർവ്വീസ് സെന്റർ എന്നിവ കെ സ്റ്റോറിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന കെ – സ്റ്റോർ സംരംഭത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മെയ് 14ന് വൈകീട്ട് 3.30ന് തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഡിജിറ്റൽ രൂപത്തിൽ സാധനത്തിന്റെ വില നൽകുന്നതിന് പുറമെ ചെറിയ ബാങ്ക് ഇടപാടുകൾ നടത്താനും ബാങ്ക് അക്കൗണ്ടിൽ നിന്നും തുക പിൻവലിക്കാനുമുള്ള സംവിധാനവും കെ സ്റ്റോറിലുണ്ടാകും. റേഷൻ കടകളിലൂടെ കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്ലുകൾ അടയ്ക്കാനുള്ള സംവിധാനവും ഒരുക്കും. പൊതുജനങ്ങൾക്ക് റേഷൻ കടകൾ വഴി നിത്യോപയോഗ സാധനങ്ങളും അവശ്യസർവ്വീസുകളും ലഭ്യമാകുന്നതോടൊപ്പം റേഷൻ ഡീലർമാർക്ക് കൂടുതൽ വരുമാനവും ലഭിക്കുന്ന വിധത്തിലാണ് കെ-സ്റ്റോറുകൾ വിഭാവനം ചെയ്യുന്നത്. റേഷൻ കടകളെ ചെറിയ സൂപ്പർ മാർക്കറ്റ്, മൈക്രോ എടിഎം എന്നിവയാക്കി മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജി ആർ അനിൽ പറഞ്ഞു.
ഇ പോസ് മെഷീനുകൾ വെയിങ് മെഷീനുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്കും ഇതോടൊപ്പം തുടക്കമാകും. ഇ – പോസ് മെഷീൻ വെയിംഗ് ബാലൻസുമായി ലിങ്ക് ചെയ്യുമ്പോൾ ഗുണഭോക്താക്കൾക്ക് അർഹമായ വിതരണ തോത് പ്രകാരമുള്ള അളവ് തൂക്കം വെയിംഗ് ബാലൻസിൽ കൃത്യമായി വരുമ്പോൾ മാത്രമേ ബിൽ ജനറേറ്റ് ചെയ്യാൻ കഴിയുകയുള്ളൂ. അതിനാൽ ഉപഭോക്താക്കൾക്ക് കൃത്യമായ തൂക്കം ഉറപ്പുവരുത്താമെന്നും മന്ത്രി പറഞ്ഞു.



