ഇന്ധനവിതരണ മേഖലയിൽ ചുവടുറപ്പിച്ച് കെ.എസ്.ആർ.ടി.സി യാത്രാ ഫ്യുവൽസ്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പ്രവർത്തിക്കുന്ന യാത്രാ ഫ്യുവൽസ് ഔട്ട്ലെറ്റുകളിലെ ഇതുവരെയുള്ള വിറ്റുവരവ് 1,106 കോടി രൂപ. കെ.എസ്.ആർ.ടി.സി വാഹനങ്ങൾക്കും പൊതു ജനങ്ങൾക്കും ഇന്ധനം നൽകിയതിലൂടെയാണ് ഇത്. ഇതിൽ 25.53 കോടി രൂപ കമ്മിഷൻ ഇനത്തിൽ കെ.എസ്.ആർ.ടി.സിയ്ക്ക് ലഭിച്ചു. പൊതുജനങ്ങൾക്ക് ഇന്ധനം നൽകിയതുവഴി മാത്രം 163 കോടി രൂപ വിറ്റുവരവുണ്ടായി. ഇതിൽ നിന്ന് 4.81 കോടി രൂപ കമ്മിഷൻ ഇനത്തിൽ ലഭിച്ചത് നേട്ടമാണ്. 2022 ഏപ്രിൽ മുതൽ ഡീസൽ വില വർദ്ധനവ് കാരണം ഉണ്ടാകുമായിരുന്ന 162 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ യാത്രാ ഫ്യൂവൽസ് ഔട്ട്ലെറ്റുകൾ വഴി ബസ്സുകൾക്ക് ഇന്ധനം ലഭ്യമാക്കിയതിലൂടെ സാധിച്ചു.

മുതൽമുടക്കില്ലാതെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിനായി നടപ്പാക്കുന്ന ‘KSRTC Re-structure 2.0’ പദ്ധതിയുടെ ഭാഗമായാണ് കെ.എസ്.ആർ.ടി.സി ഇന്ധനവിതരണ മേഖലയിൽ കടന്നത്. കേരളത്തിലെ പൊതുഗതാഗത രംഗത്ത് എന്നതുപോലെ ഇന്ധന വിതരണ രംഗത്തും ചുവടുറപ്പിച്ച് നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ 2021 സപ്തംബറിലാണ് ആദ്യത്തെ യാത്രാഫ്യുവൽസ് ഔട്ട്ലെറ്റ് തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ പ്രവർത്തനമാരംഭിച്ചത്. നിലവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 യാത്രാഫ്യുവൽസ് ഔട്ട്ലെറ്റുകളാണ് പ്രവർത്തിക്കുന്നത്. ചേർത്തല, കോഴിക്കോട്, ചടയമംഗലം, ചാലക്കുടി, മൂന്നാർ, കിളിമാനൂർ, മൂവാറ്റുപുഴ, നോർത്ത് പറവൂർ, മാവേലിക്കര, തൃശൂർ, ഗുരുവായൂർ, തിരുവനന്തപുരം വികാസ് ഭവൻ എന്നിവിടങ്ങളിലാണ് മറ്റ് ഔട്ട്ലെറ്റുകൾ.

2024 മാർച്ച് 31-നു മുമ്പ് 25 യാത്രാ ഫ്യൂവൽസ് റീട്ടെയിൽ ഔറ്റുകൾ കൂടി ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. പൊൻകുന്നം, പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ യാത്രാഫ്യുവൽസ് ഔട്ട്ലെറ്റുകളുടെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഘട്ടംഘട്ടമായി സംസ്ഥാനത്തുടനീളം 75 ഔട്ട്ലെറ്റുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

ഗുണമേന്മയുള്ളതും കലർപ്പില്ലാത്തതുമായ പെട്രോളിയം ഉൽപ്പന്നങ്ങൾ ക്യത്യമായ അളവിൽ ഔട്ട്ലെറ്റുകളിൽ നിന്ന് ലഭ്യമാകുന്നത് യാത്രാഫ്യുവൽസിന്റെ സവിശേഷതയാണ്. ഭാവിയിൽ പെട്രോളിനും ഡീസലിനും പുറമെ ഔട്ട്ലെറ്റുകളിൽ നിന്ന് ഹരിത ഇന്ധനമായ സിഎൻജി നൽകുന്നതിനും വൈദ്യുത വാഹനങ്ങൾക്കുള്ള ചാർജ്ജിങ് സംവിധാനവും ഏർപ്പെടുത്താനാണ് കെ.എസ്.ആർ.ടി.സി ഉദ്ദേശിക്കുന്നത്. ഓരോ മാസവും ഇന്ധന വിൽപനയിൽ ക്രമാനുഗതമായ വളർച്ചയുണ്ടാകുന്നതിനാൽ കൂടുതൽ ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനൾ ദ്രുതഗതിയിലാക്കുകയാണ് കെ.എസ്.ആർ.ടി.സി. യാത്രാ ഫ്യൂവൽസ് പദ്ധതിയ്ക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് ബന്ധപ്പെട്ട എണ്ണ കമ്പനികളാണ്.

error: Content is protected !!