കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 11.12 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലായിരുന്നു ഫ്ലാഗ് ഓഫ് ചടങ്ങ്. 914 ചെയർ കാർ സീറ്റുകളും 86 എക്‌സിക്യൂട്ടീവ് ചെയർ കാർ സീറ്റുകളുള്ള വന്ദേഭാരത് എക്‌സ്പ്രസിന് ഏഴ് സ്ഥിരം സ്റ്റോപ്പുകൾ ആണുള്ളത്. പ്രഥമ യാത്രയുടെ ദിവസം മറ്റ് ഏഴ് സ്റ്റേഷനുകളിൽ കൂടി നിർത്തിയ ശേഷമാണ് ട്രെയിൻ കാസർകോട് എത്തിയത്. രാവിലെ 10.53 ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രധാനമന്ത്രി ഫ്ലാഗ് ഓഫിന് മുമ്പ് വന്ദേഭാരതിലെ സി-വൺ കമ്പാർട്ട്‌മെന്റിൽ ഉണ്ടായിരുന്ന 43 വിദ്യാർഥികളുമായി സംവദിച്ചു.
വന്ദേഭാരതിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒൻപത് സ്‌കൂളുകളിലെ 600 ഓളം വിദ്യാർഥികൾക്കിടയിൽ ചിത്രരചന, കവിതാരചന ഉപന്യാസരചന മത്സരങ്ങൾ നടത്തിയിരുന്നു. മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയ വിദ്യാർഥികളുമായാണ് പ്രധാനമന്ത്രി ആശയവിനിമയം നടത്തിയത്. രണ്ടും മൂന്നും സ്ഥാനത്തെത്തിയ മറ്റ് 30 വിദ്യാർഥികൾ സി-2, സി-3 കമ്പാർട്ട്‌മെന്റുകളിലും യാത്ര ചെയ്തു. വന്ദേഭാരത് എക്‌സ്പ്രസിന്റെ കന്നിയോട്ടത്തിലെ ലോക്കോപൈലറ്റ് ആയ നാഗേഷ് കുമാർ ആർ, സഹ ലോക്കോപൈലറ്റ് എസ് ജയകുമാർ എന്നിവരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണോ, റെയിൽവേയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രി വി അബ്ദുറഹിമാൻ, ഗതാഗത മന്ത്രി ആന്റണി രാജു, ശശി തരൂർ എം.പി എന്നിവർ സന്നിഹിതരായിരുന്നു.