സംസ്ഥാനത്തെ പൊതുജനാരോഗ്യ രംഗത്ത് വ്യത്യസ്തത പുലർത്തി കിളിമാനൂർ മുളയ്ക്കലത്തുകാവ് കുടുംബാരോഗ്യ കേന്ദ്രം. ഇൻഫെക്ഷൻ കൺട്രോളിന്റെ ഭാഗമായി കർശനമായി ശുചിത്വം പാലിക്കപ്പെടുന്ന ഒ. പി, സ്ത്രീ സൗഹൃദമായാണ് ഒരുക്കിയിട്ടുള്ളത്. ആശുപത്രിയിൽ എത്തുന്നവർക്ക് വായിക്കാൻ നിറയെ പുസ്തകങ്ങൾ ഉള്ള ഓപ്പൺ ലൈബ്രറി, ഇരിക്കാൻ വൃത്തിയുള്ള ഇരിപ്പിടങ്ങൾ, ടെലിവിഷൻ, രാവിലെ മുതൽ വൈകുന്നേരം 6 മണി വരെ ഡോക്ടറുടെ സേവനം, ലാബ് എന്നിവയെല്ലാം ഈ ആശുപത്രിയുടെ പ്രത്യേകതകളിൽ ചിലത് മാത്രം.

മുന്നിലെത്തുന്ന രോഗികൾക്ക് മികച്ച ചികിത്സയും ആശ്വാസവും പകരുകയാണ് ഡോക്ടർമാരുടെ സംഘം. പരിചിതരെപോലെ രോഗികളോട് കുശാലാന്വേഷണം നടത്തുന്ന നഴ്‌സുമാർ. ഇതൊക്കെ ഈ ഗ്രാമീണ ആശുപത്രിയിലെ നിത്യകാഴ്ചകളാണ്. ആശുപത്രിയിലെ കാന്റീനിൽ എല്ലാ ശനിയാഴ്ചയും സൗജന്യ ഭക്ഷണ വിതരണം മുടങ്ങാതെ നടക്കുന്നുണ്ട്. വിശാലമായ ഒരു ഡൈനിങ് ഹാളും, ജിമ്മും, ചെറിയ പാർക്കും, ഔഷധ തോട്ടവും ആശുപത്രി ക്യാമ്പസിലുണ്ട്. എല്ലാ ദിവസവും രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴ് വരെയാണ് ജിമ്മിന്റെ പ്രവർത്തനം. സ്ത്രീ പുരുഷ ഭേദമന്യേ ആർക്കും ജിം ഉപയോഗിക്കാം. പഞ്ചായത്തിന്റെ സഹായത്തോടുകൂടി ഒരു പരിശീലകനെയും നിയമിച്ചിട്ടുണ്ട്.

നൂറോളം രോഗികൾക്ക് ആശ്വാസം പകർന്ന് കനിവ് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനം സജീവമായി തുടരുന്നു. പാലിയേറ്റീവ് കെയറിൽ സേവനമികവിന് മുളയ്ക്കലത്തുകാവ് ആശുപത്രിയിലെ നഴ്‌സായ സന്ധ്യ തിരഞ്ഞെടുക്കപ്പെട്ടത് ആശുപത്രിയുടെ പ്രവർത്തനമികവിനു തെളിവാണ്. കശുവണ്ടി തൊഴിലാളികൾ ധാരാളമുള്ള പ്രദേശത്ത് ആശുപത്രി മുൻകൈയെടുത്ത് നടത്തിയ ‘സുരക്ഷാ പദ്ധതി’യും വിജയകരമായിരുന്നു. കശുവണ്ടി തൊഴിലാളികളിലെ ക്യാൻസർ സാധ്യത മുൻകൂട്ടി കണ്ടെത്തുന്നതായിരുന്നു പദ്ധതി. ജനക്ഷേമ പദ്ധതികളിൽ ആരോഗ്യ കേന്ദ്രത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും സകല പിന്തുണയുമായി കിളിമാനൂർ ഗ്രാമപഞ്ചായത്തും ഒപ്പം നിന്നു. ആരോഗ്യ കേന്ദ്രത്തിന്റെയും ജനപ്രതിനിധികളുടെയും കൂട്ടായ പ്രവർത്തനം ഇത്തവണയും ആർദ്രം പുരസ്‌കാരത്തിൽ മുളയ്ക്കലത്തുകാവ് കുടുംബാരോഗ്യ കേന്ദ്രത്തെ ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചു. ഇനിയും മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോകാനാണ് ആശുപത്രി ജീവനക്കാരും ആഗ്രഹിക്കുന്നത്.