
മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി പശുപതി കുമാർ പരശും ചേർന്ന് ഏപ്രിൽ 11ന് നാടിന് സമർപ്പിക്കും
കേരളത്തിന്റെ വ്യവസായ വികസനത്തിന് കൂടുതൽ ഊർജം പകരാനായി ചേർത്തല പള്ളിപ്പുറത്ത് സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ യാഥാർഥ്യമാക്കിയ മെഗാ ഫുഡ് പാർക്ക് ഉദ്ഘാടനത്തിന് സജ്ജം. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഭക്ഷ്യ-സംസ്‌ക്കരണ വ്യവസായ മന്ത്രി പശുപതി കുമാർ പരശും ചേർന്ന് ഏപ്രിൽ 11ന് മെഗാഫുഡ് പാർക്ക് ഉദ്ഘാടനം ചെയ്യും.
കേന്ദ്ര ഭക്ഷ്യ സംസ്‌ക്കരണ മന്ത്രാലയത്തിന്റെ സഹായത്തോടെ സ്ഥാപിക്കുന്ന മെഗാഫുഡ് പാർക്കിന്റെ പദ്ധതി അടങ്കൽ തുക 128.49 കോടി രൂപയാണ്. പദ്ധതി തുകയിൽ 50 കോടി രൂപ കേന്ദ്ര സഹായവും 72.49 കോടി രൂപ സംസ്ഥാന സർക്കാരിൽ നിന്നുള്ള വിഹിതവും ആറ് കോടി രൂപ ലോണുമാണ്.
ചേർത്തല പള്ളിപ്പുറത്തെ കെ.എസ്.ഐ.ഡി.സിയുടെ വ്യവസായ വളർച്ച കേന്ദ്രത്തിൽ 84.05 ഏക്കറിൽ 128.49 കോടി രൂപ ചെലവഴിച്ചാണ് മെഗാഫുഡ് പാർക്ക് സ്ഥാപിച്ചത്. പാർക്കിന്റെ ഒന്നാം ഘട്ടമായ 68 ഏക്കർ പൂർണമായും ഉദ്ഘാടനത്തിന് സജ്ജമാണ്. അടിസ്ഥാന വികസന സൗകര്യങ്ങൾ പൂർത്തിയാക്കി പൂർണമായും യൂണിറ്റുകൾക്ക് സ്ഥലം അനുവദിച്ചിട്ടുണ്ട്. 68 ഏക്കറിൽ റോഡ്, വൈദ്യുതി, മഴവെള്ള നിർമാർജന ഓടകൾ, ജലവിതരണ സംവിധാനം, ചുറ്റുമതിൽ, ഗേറ്റ്, സെക്യൂരിറ്റി ക്യാബിൻ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി, കോമൺ ഫെസിലിറ്റി സെന്റർ, വെയർ ഹൗസ് ഉൾപ്പെടെയുള്ള പ്രോസസിങ് ഫെസിലിറ്റികളുമുണ്ട്. 31 ഭക്ഷ്യ സംസ്‌കരണ വ്യവസായ യൂണിറ്റുകൾക്കും സ്ഥലം അനുവദിച്ചിട്ടുണ്ട്. ഇതിൽ 12 യൂണിറ്റുകൾ പ്രവർത്തനക്ഷമമാണ്. ഈ യൂണിറ്റുകളിൽ ഇതുവരെ 600 പേർക്ക് തൊഴിൽ ലഭ്യമാക്കിയിട്ടുണ്ട്.


