
ഇസ്രയേലിലേക്ക് വിസ വാഗ്‌ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രധാന പ്രതി പിടിയിൽ. തിരുവനന്തപുരം വിഴിഞ്ഞം വലിയവിള കോളനിയിൽ അനിൽകുമാർ നടേശനെയാണ് (55) പുത്തൻകുരിശ് പൊലീസ് പിടികൂടിയത്. കോലഞ്ചേരി സ്വദേശിനിയിൽനിന്ന് 6,29,000 രൂപ വാങ്ങി കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. തട്ടിപ്പ് നടത്തിയശേഷം ഒരുവർഷമായി ഒളിവിലായിരുന്നു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷകസംഘം വരാപ്പുഴയിൽനിന്നാണ് ഇയാളെ പിടികൂടിയത്.
ഇരുപതിലേറെ പേർക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. 2010ൽ കെയർ ടേക്കർ വിസയിലാണ് അനിൽകുമാർ ഇസ്രയേലിൽ എത്തിയത്. 2016ൽ വിസ കാലാവധി അവസാനിച്ചശേഷം അനധികൃതമായി അവിടെ തങ്ങി നാട്ടിലുള്ളവർക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിസ ആവശ്യമുള്ളവരെ നാട്ടിലുള്ള സുഹൃത്തുക്കൾ വഴിയാണ് കണ്ടെത്തിയിരുന്നത്.

