
തൃശൂർ പൂരത്തിനൊപ്പം വർണ്ണാഭമായ ദേശിംഗനാടിന്റെ മഹാപൂരത്തിന് ഇന്ന് കൊടിയിറങ്ങി.ആശ്രമം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് ഏപ്രിൽ 7 ന് കൊടിയേറി ഇന്ന് സമാപിക്കുകയാണ്. സമ്മപനത്തോടനുബന്ധിച്ചാണ് കൊല്ലത്തെ പൂരപ്രേമികൾക്കായി കൊല്ലം പൂരം സംഘടിപ്പിച്ചത്.

ഉദ്ഘടന സമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ അധ്യക്ഷനായിരുന്നു.

ആശ്രമം ശ്രീകൃഷ്ണ ക്ഷേത്ര പ്രസിഡന്റ് ശ്രീവർദ്ധൻ സ്വാഗതം പറഞ്ഞു. മന്ത്രി ജെ ചിഞ്ചുറാണി, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്,
കൊല്ലം എം പി എൻ കെ പ്രേമചന്ദ്രൻ, ഇരവിപുരം എം എൽ എ എം നൗഷാദ്, ദേവസ്വം മെമ്പർ ജി സുന്ദരേശൻ, കൗൺസിലർമാരായ സജിത ആനന്ദ്, അമ്പിളി എന്നിവർ സംസാരിച്ചു.

തൃശ്ശൂർ പൂരത്തെ പോലെ വൈവിദ്ധ്യമാർന്ന വർണ്ണ കുടമാറ്റം കാണാൻ ലക്ഷകണക്കിന് ആളുകളാണ് ആശ്രമം മൈതാനിയിൽ എത്തിചേർന്നത്.
താമരക്കുളം മഹാഗണപതിയും പുതിയകാവ് ഭഗവതിയും മുഖാമുഖം നടത്തിയ കുടമാറ്റത്തിൽ ഇരുപക്ഷത്തും 13 ഗജവീരന്മാർ വീതം അണി നിരന്നു

ഗജവീരന്മാരായ ഭാരത് വിനോദ് താമരക്കുളം ക്ഷേത്രത്തിന്റെയും പുത്തൻകുളം അനന്തപത്മനാഭൻ പുതിയകാവ് ക്ഷേത്രത്തിന്റെയും തിടമ്പേറ്റി.
ആറാട്ടിനു തിടമ്പേറ്റിയത് തൃക്കടവൂർ ശിവരാജു ആണ്.ഞായറാഴ്ച രാവിലെ 9ന് വിവിധ ക്ഷേത്രങ്ങളിൽ നിന്നു ചെചെറുപൂരങ്ങളുടെ എഴുന്നള്ളത്ത് ആരംഭിച്ചു

നഗരത്തിലെ 12 ക്ഷേത്രങ്ങളിൽ നിന്നാണു ചെറുപൂരങ്ങൾ പുറപ്പെടുന്നത്. ഇവ ക്ഷേത്രത്തിൽ എത്തിയ ശേഷം ആന നീരാട്ടും 12ന് ആനയൂട്ടും നടന്നു ഉച്ചയ്ക്ക് 2ന് താമരക്കുളം മഹാഗണപതിയുടെയും പുതിയകാവ് ഭഗവതിയുടെയും എഴുന്നള്ളത്ത് ആരംഭിച്ചു

ചൊവ്വല്ലൂർ മോഹന വാരിയർ, തൃക്കടവൂർ അഖിൽ എന്നിവർ പ്രമാണിമാരായി മേളം അരങ്ങേറി . പിന്നാലെ കെട്ടുകാഴ്ചകൾ ക്ഷേത്ര സന്നിധിയിൽ എത്തി അവിടെ നിന്നും ആശ്രമം മൈതാനിയിൽ എത്തി കുടമാറ്റത്തിനായി ഗജവീരന്മാർ അണിനിരന്നു.7 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇത്തവണ കൊല്ലം പൂരത്തോടൊപ്പം ആകാശപ്പൂരവും നടന്നു .


