തമിഴ്നാട് സുന്ദരപാണ്ഡ്യപുരത്തെ പാടങ്ങളില്‍ സൗന്ദര്യം വിടര്‍ത്തി നിന്നിരുന്ന സൂര്യകാന്തി പാടം ഇനി തിരുവനന്തപുരത്തും. സൂര്യകാന്തിയുടെ സുവര്‍ണ്ണപ്രഭ തിരുവനന്തപുരത്തെ മണ്ണിലും വിരിയിക്കാനുള്ള തയാറെടുപ്പിലാണ് പാറശാല മണ്ഡലത്തിലെ കൊല്ലയില്‍ ഗ്രാമപഞ്ചായത്ത്. ഒന്നര ഏക്കര്‍ പാടത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലയിലെ ആദ്യ സൂര്യകാന്തി കൃഷി ഒരുക്കുന്നത്.

ധനുവച്ചപുരം ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ സ്ഥലം പാട്ടത്തിനെടുത്ത്, ഒരു മാസം മുന്‍പാണ് പഞ്ചായത്ത് കൃഷി ആരംഭിച്ചത്. ആന്ധ്രാ പ്രദേശില്‍ നിന്നെത്തിച്ച ഹൈബ്രിഡ് വിത്തുകളാണ് കൃഷിക്കായി ഉപയോഗിച്ചത്. ഒരു പാക്കറ്റ് വിത്തിന് 3,500 രൂപയാണ് വില. കൊല്ലയില്‍ കാര്‍ഷിക കര്‍മ്മ സേനയുടെ നേതൃത്വത്തിലാണ് കൃഷി. രോഗബാധ കുറവുള്ള സൂര്യകാന്തിക്ക് ജലം അധികമായി ആവശ്യമില്ലെന്നതാണ് കൃഷിയിലേക്ക് പഞ്ചായത്തിനെ ആകര്‍ഷിച്ച അനുകൂല ഘടകങ്ങള്‍. ഭക്ഷ്യഎണ്ണ ഉത്പാദിപ്പിക്കുന്നതിനും വാണിജ്യാടിസ്ഥാനത്തിലും സൂര്യകാന്തിപൂക്കള്‍ക്ക് വന്‍ ഡിമാന്റാണുള്ളത്. കൂടാതെ ഇവയുടെ ഇലകള്‍ പേപ്പര്‍ നിര്‍മിക്കുന്നതിനും കാലിത്തീറ്റയ്ക്കും ഉപയോഗിക്കുന്നുണ്ട്.

വിത്ത് പാകി കഴിഞ്ഞാല്‍ 90 ദിവസത്തിനുള്ളില്‍ പൂക്കള്‍ ഉണ്ടാകും. ഒരുമാസത്തെ കാത്തിരിപ്പിന് ശേഷം കൊല്ലയില്‍ പഞ്ചായത്തിലെ സൂര്യകാന്തിപാടം പൂവിടും.

error: Content is protected !!