
സ്‌കൂൾ വേനലവധിക്കാലത്ത് കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പകരാൻ പാഠപുസ്തകത്തിനപ്പുറത്തെ അറിവുകൾ പങ്കുവയ്ക്കുന്ന 25 ഓളം പരമ്പരകൾ കൈറ്റ് വിക്ടേഴ്‌സ് സംപ്രേഷണം ചെയ്യുന്നു.
മനുഷ്യന്റെ ഉത്ഭവവും ചരിത്രവും ചർച്ച ചെയ്യുന്ന ‘മനുഷ്യൻ പരിണാമം ചരിത്രം”, നമ്മുടെ സസ്യവൈവിധ്യത്തെ പരിചയപ്പെടുത്തുന്ന ‘ഇലകൾ പച്ച പൂക്കൾ മഞ്ഞ’, രാജ്യത്തിന്റെ ഭരണഘടനയുടെ ചരിത്രവും മൂല്യങ്ങളും ഉൾപ്പെടുത്തിയ ‘വീ ദ പീപ്പിൾ’, കായിക മത്സരങ്ങളും പരിശീലന രീതികളും ഉൾപ്പെടുത്തിയ ‘കളിയും കാര്യവും’, ഒരു ഉല്പന്നത്തിന്റെ നിർമ്മാണം മുതൽ വിപണനം വരെ പ്രതിപാദിക്കുന്ന ‘എങ്ങനെ എങ്ങന എങ്ങനെ’, വാനനിരീക്ഷണ ശാസ്ത്രം പരിചയപ്പെടുത്തുന്ന ‘അരികെ ആകാശം’, രൂപ കല്പനകളിലെ മാതൃകകൾ ചർച്ച ചെയ്യുന്ന ‘യെസ്, ഡിസൈൻ മാറ്റേഴ്‌സ്’, വലിയ ശാസ്ത്ര സമസ്യകളെ ലളിതമായി വിശദീകരിക്കുന്ന ‘അറിവിന്റെ ലോകം’ തുടങ്ങിയ പരിപാടികൾ കുട്ടികൾക്കായി തയ്യാറാക്കിയവയാണ്. ഇതിനു പുറമേ ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ പരിശീലിപ്പിക്കുന്ന ‘കൺവേഴ്‌സിംഗ്‌ലി യുവേഴ്‌സ്’, പ്രശസ്ത വ്യക്തികളുടെ അനുഭവങ്ങൾ പങ്ക് വയ്ക്കുന്ന ‘ഇൻ കോൺവർസേഷൻ’ റോഡുസുരക്ഷാ അവബോധ പരിപാടി ‘ഗ്രീൻ സിഗ്‌നൽ’, നമ്മുടെ അഭിമാന സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്ന ‘പ്രൈഡ് ഓഫ് കേരള’, മലയാള ഭാഷാ പഠനം കുട്ടികളിൽ താല്പര്യം ഉണ്ടാക്കുന്നതിനുള്ള ‘അക്ഷരമുറ്റം’, പ്രകൃതിയും ജൈവവൈവിധ്യവും ചർച്ച ചെയ്യുന്ന ‘ജീവന്റെ തുടിപ്പ്’, ശാസ്ത്രവാർത്തകൾ ഉൾപ്പെടുത്തിയ ‘സയൻസ് വീക്ക്’, കഥകളിലൂടെയും കവിതകളിലൂടെയും പ്രൈമറി കുട്ടികൾക്കായുള്ള ഇംഗ്ലീഷ് പഠനസഹായി ‘ഇ-ക്യൂബ് സ്റ്റോറീസ്’, ചെറിയ ചെറിയ കാര്യങ്ങളിലൂടെ വലിയ അറിവുകൾ പകർന്ന് നൽകുന്ന ‘മഞ്ചാടി’, കാരിക്കേച്ചർ പഠനസഹായി ‘വരൂ വരയ്ക്കൂ’, നമ്മുടെ ചുറ്റുമുള്ള ശാസ്ത്ര രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ‘അതെന്താ ഇങ്ങനെ’ ഉൾപ്പെടെയുള്ള പരിപാടികൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയവയാണ്. ഏപ്രിൽ മൂന്നു മുതൽ ആണ് കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യുകയെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.


