
ദേശീയപാത 66നെ കൊല്ലം–തിരുമംഗലം ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന കടമ്പാട്ടുകോണം–ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേക്കു ഭൂമി ഏറ്റെടുക്കുന്നതിന് 3ഡി വിജ്ഞാപനമായി. കൊട്ടാരക്കര താലൂക്കിലെ ഇട്ടിവ, നിലമേൽ വില്ലേജുകളിലെ 10.53 ഹെക്ടർ ഏറ്റെടുക്കുന്നതിനാണ് 3ഡി വിജ്ഞാപനമായത്. ഇതോടെ ഭൂമി സർക്കാരിന്റെ ഉടമസ്ഥതയിലാകും. ഇതിനകം ജില്ലയിൽ 22 ഹെക്ടർ ഏറ്റെടുത്തതായുള്ള 3ഡി വിജ്ഞാപനമാണ് പുറത്തിറങ്ങിയത്.
കടമ്പാട്ടുകോണം–ചെങ്കോട്ട ഗ്രീൻഫീൽഡ് പാതയ്ക്കായി 180 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. ജില്ലയിൽ 59.71 കിലോമീറ്റർ ദൂരത്തിൽ 124 ഹെക്ടറും തിരുവനന്തപുരം ജില്ലയിൽ 56 ഹെക്ടറുമാണ് ഏറ്റെടുക്കേണ്ടത്. ശേഷിച്ച 102 ഹെക്ടറിനുള്ള വിജ്ഞാപനം നാലു ഘട്ടമായി വരുംദിവസങ്ങളിൽ പുറത്തിറങ്ങാനാണ് സാധ്യത. ആദ്യഘട്ടത്തിൽ അഞ്ചൽ, അലയമൺ വില്ലേജുകളിലെ 12 ഹെക്ടർ ഏറ്റെടുക്കലിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഭൂമി ഏറ്റെടുക്കലിനുള്ള പ്രാഥമിക വിജ്ഞാപനമായ 3എ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നേരത്തേ പുറപ്പെടുവിച്ചിരുന്നു. പുനലൂർ, അഞ്ചൽ, കൊട്ടാരക്കര സ്പെഷ്യൽ തഹസിൽദാർ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് 3ഡി വിജ്ഞാപനം പുറപ്പെടുവിക്കുന്ന നടപടികൾ നടക്കുന്നത്.
നഷ്ടപരിഹാരത്തുകയ്ക്ക് 3എ വിജ്ഞാപനം പുറപ്പെടുവിച്ച സമയം മുതലുള്ള പലിശ ലഭിക്കും. നിലവിലെ 3ഡി വിജ്ഞാപന പ്രകാരം നിലമേൽ, ഇട്ടിവ വില്ലേജുകളിലെ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ളവർ 25 മുതൽ 27 വരെ വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളുമായി ബന്ധപ്പെട്ട സ്പെഷ്യൽ തഹസിൽദാർമാരുടെ മുന്നിൽ ഹാജരാകണം.
ഹാജരാക്കേണ്ട രേഖകൾ
വസ്തുവിന്റെ അസൽ ആധാരം, ലാൻഡ് ട്രിബ്യൂണലിൽനിന്നു ലഭിച്ച ക്രയ സർട്ടിഫിക്കറ്റ് (പട്ടയം), അടിയാധാരം, നടപ്പു സാമ്പത്തിക വർഷത്തെ ഭൂനികുതി രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, ഭൂമിയിൽ ജപ്തി നടപടിയില്ല എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, 15 വർഷത്തെ കുടിക്കട സർട്ടിഫിക്കറ്റ്, ഭൂമിയിൽ കെട്ടിടമുണ്ടെങ്കിൽ കെട്ടിടനികുതി രസീതും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും വസ്തുവിന്റെ ഉടമ ജീവിച്ചിരിപ്പില്ലെങ്കിൽ മരണ സർട്ടിഫിക്കറ്റ്, അനന്തരാവകാശികൾ ആരൊക്കെയെന്ന് തെളിയിക്കുന്ന തഹസിൽദാരുടെ സർട്ടിഫിക്കറ്റ്, ഉടമസ്ഥനു പകരം മറ്റൊരാളാണ് ഹാജരാകുന്നതെങ്കിൽ പവർ ഓഫ് അറ്റോർണി, വസ്തുഉടമയുടെ തിരിച്ചറിയൽ രേഖകൾ.


