
തിരുവനന്തപുരം വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ പ്രഥമ കേരള സ്‌കൂൾ എജുക്കേഷൻ കോൺഗ്രസ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് കൗൺസിൽ ഫോർ എജുക്കേഷൻ റിസർച്ച് ട്രെയിനിങ്ങ് (എസ്.സി.ഇ.ആർ.ടി) സംഘടിപ്പിക്കുന്ന പ്രഥമ കേരള സ്‌കൂൾ എജുക്കേഷൻ കോൺഗ്രസിൽ ഫിൻലൻഡിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാഭ്യാസ വിദഗ്ധർ പങ്കെടുക്കുന്നുണ്ട്. മാനവികതയിൽ ഊന്നി പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക എന്നതാണ് പാഠ്യപദ്ധതി പരിഷ്‌കരണം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
എല്ലാവർക്കും നീതിയിലധിഷ്ഠിതമായ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഒരുക്കുക എന്ന ലക്ഷ്യത്തിലേക്ക് ആണ് കേരളം നടന്നടുക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാണ് സംസ്ഥാനം. പൊതുവിദ്യാഭ്യാസ മേഖലയുടെ തകർച്ച കണ്ടിടത്ത് നിന്നാണ് 2017 ൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതുവിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയതെന്ന് മന്ത്രി വിശദീകരിച്ചു.
ഇന്ന് സ്വപ്നസമാനമായ അടിസ്ഥാനസൗകര്യ വികസനം എല്ലാ സർക്കാർ സ്‌കൂളുകളിലും ഒരുക്കികഴിഞ്ഞു. ഇതിന് അഭൂതപൂർവമായ ജനപിന്തുണയും ലഭിച്ചു. സ്‌കൂൾ എജുക്കേഷൻ കോൺഗ്രസിൽ നിന്ന് ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങളും നിർദേശങ്ങളും കേരളത്തിന്റെ ഭാവി വിദ്യാഭ്യാസം കരുപ്പിടിപ്പിക്കുന്നതിൽ സഹായകരമായിരിക്കും എന്ന് മന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് മാതൃകയായ കേരളത്തെ, പരിപാടിയിൽ പങ്കെടുത്ത രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ഡോ. ബുലാകി ദാസ് കല്ല അഭിനന്ദിച്ചു. കേരളത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് വിവിധ ആശയങ്ങൾ രാജസ്ഥാനിൽ നടപ്പാക്കിയതായി അദ്ദേഹം പറഞ്ഞു. കൂടുതൽ അധ്യാപകരെ റിക്രൂട്ട് ചെയ്തും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയും വിദ്യാഭ്യാസ മേഖലയിൽ രാജസ്ഥാൻ സർക്കാർ നടത്തുന്ന വിവിധ നടപടികൾ കല്ല വിശദീകരിച്ചു.
വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് മഹത്തായ ചരിത്രമാണുള്ളത് എന്ന് മഹാരാഷ്ട്ര സംസ്ഥാന സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി ദീപക് വസന്ത് കെസാർക്കർ ചൂണ്ടിക്കാട്ടി. ഇന്ന് വടക്കൻ സംസ്ഥാനങ്ങളും വിദ്യാഭ്യാസമേഖലയിൽ മികവ് പ്രകടിപ്പിക്കുന്നുണ്ട്. വലിയതോതിൽ വിദ്യാർഥികളെ പൊതുവിദ്യാഭ്യാസ മേഖലയിൽ എത്തിച്ച കേരളത്തിന്റെ മാതൃക മറ്റ് സംസ്ഥാനങ്ങൾക്ക് അനുകരണീയമാണെന്ന് മഹാരാഷ്ട്ര മന്ത്രി അഭിപ്രായപ്പെട്ടു.
വിവിധ സെഷനുകളും ചർച്ചകളും ആശയവിനിമയങ്ങളും മൂന്ന് ദിവസത്തെ പരിപാടിയുടെ ഭാഗമാകും. എജുക്കേഷൻ കോൺഗ്രസ് തിങ്കളാഴ്ച സമാപിക്കും. സമാപനച്ചടങ്ങ് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.

