പൂതാടി പഞ്ചായത്തിലെ വാകേരി ഗാന്ധി നഗറിൽ കർഷകനെ കരടി ആക്രമിച്ച് പരിക്കേൽപ്പിച്ചു. കൂമ്പുങ്കൽ അബ്രഹാമി (67) നാണ് പരിക്കേറ്റത്. ശനിയാഴ്‌ച പകൽ രണ്ടോടെയായിരുന്നു സംഭവം. കൃഷിയിടത്തിലെ ആൾ താമസമില്ലാത്ത പഴയ വീട്ടിലെത്തി വാതിൽ തുറന്നപ്പോൾ അകത്തുണ്ടായിരുന്ന കരടി ചാടിവീഴുകയായിരുന്നു. തടയാൻ ശ്രമിച്ച അബ്രഹാമിന്റെ കൈകൾക്കാണ് പരിക്കേറ്റത്.
ബഹളംകേട്ട് പരിസരവാസികൾ ഓടിയെത്തിയപ്പോൾ കരടി സമീപത്തെ കാപ്പിത്തോട്ടത്തിലേക്ക് ഓടിമറഞ്ഞു. അബ്രഹാം ബത്തേരിയിലും തുടർന്ന് കൈനാട്ടി ഗവ. ജനറൽ ആശുപത്രിയിലും ചികിത്സതേടി. കാട്ടാനകളുടെയും കടുവകളുടെയും ഉപദ്രവങ്ങളോടൊപ്പം വാകേരി മേഖലയിൽ കരടിശല്യവും രൂക്ഷമാകുകയാണ്. തേൻ പ്രതീക്ഷിച്ചാണ് കരടികൾ ആളൊഴിഞ്ഞെ കെട്ടിടങ്ങളിലും തേനീച്ചപ്പെട്ടികൾക്കും സമീപമെത്തുന്നത്.
ഒരു മാസം മുമ്പ് വാകേരി കൂടല്ലൂരിലെ പമ്പ് ഹൗസിന്റെ അടിത്തറ കരടി മാന്തിപ്പൊളിച്ചിരുന്നു. പാപ്ലശേരി തത്തുപാറ വിജയന്റെ 20 തേനീച്ചപ്പെട്ടികൾ കരടി തകർത്ത സംഭവവുമുണ്ട്. ബത്തേരി ചെതലയം പുകലമാളത്ത് ആദിവാസി യുവാവിനെ കരടി ആക്രമിച്ചിരുന്നു. വന്യമൃഗങ്ങളുടെ നിരന്തര ആക്രമണത്തിൽ ദുരിതത്തിലാണ് വനാതിർത്തിയിലെ ജനങ്ങൾ.