കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോക്ടർ പി. കെ.ഗോപനെയും, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘മിഷനറിമാരുടെ കേരളം ‘എന്ന ചരിത്ര ഗ്രന്ഥത്തിന് കേരള ഹിസ്റ്ററി കോൺഗ്രസിന്റെ ഈ വർഷത്തെ ചരിത്ര അവാർഡ് കരസ്ഥമാക്കിയ ശ്രീ. വള്ളിക്കാവ് മോഹൻദാസിനെയും കൊല്ലം ജില്ലാ ലൈബ്രറി കൗൺസിലിനു വേണ്ടി മന്ത്രി ചിഞ്ചുറാണി അനുമോദിച്ചു.
വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനത്തിലൂടെ പൊതുപ്രവർത്തന രംഗത്ത് എത്തിയ ശ്രീ. പി. കെ.ഗോപൻ കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്, പു. ക. സ ജില്ലാ സെക്രട്ടറി, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങി വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എഴുത്തുകാരൻ, നാടക രചയിതാവ്, സംവിധായകൻ,നടൻ,മികച്ച പ്രഭാഷകൻ, അങ്ങനെ ഒട്ടേറെ വിശേഷണങ്ങൾക്ക് ഉടമയാണ് അദ്ദേഹം. നിരവധി പുരസ്കാരങ്ങൾ ശ്രീ പി കെ ഗോപനെ തേടിയെത്തിയിട്ടുണ്ട്.
എഴുത്തുകാരൻ, പത്രപ്രവർത്തകൻ, സംവിധായകൻ, ചരിത്ര ഗവേഷകൻ, യുവകലാസാഹിതി സംസ്ഥാന ഭാരവാഹി, പ്രഭാത ബുക്സ് ഡയറക്ടർ,തോപ്പിൽ ഭാസി ഫൗണ്ടേഷൻ സെക്രട്ടറി,കെപിഎസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ശ്രീ. വള്ളിക്കാവ് മോഹൻദാസിനു നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.