
പരസഹായം ഇല്ലാതെ ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ പൊതുജനങ്ങളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്മാർട്ട്‌ഫോൺ കൈവശമുള്ള 14 വയസ് മുതലുള്ളവർ പദ്ധതിയുടെ ഭാഗമാകും. ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ചവരാണ് അതത് ഗ്രാമപഞ്ചായത്തുകളിൽ ഡിജിറ്റൽ സാക്ഷരതയുടെ പ്രചാരകരായത്. പഠിതാക്കളെ കണ്ടെത്തുന്നതിനായി കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ സർവേ നടത്തിയിരുന്നു.
പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെടുന്ന പ്ലാവില പുത്തൻ വീട്ടിൽ 81 കാരിയായ മറിയം ബീവി ജീവിതത്തിൽ ആദ്യമായി ഒരു വാട്‌സ്ആപ്പ് കോൾ ചെയ്തതും ഈ പദ്ധതിയുടെ ഭാഗമായാണ്. മറിയം ബീവിയെ പോലെ ഡിജിറ്റൽ സാങ്കേതിക വിദ്യയെ ഒരല്പം ഭയത്തോടെ കണ്ടിരുന്ന പഴയ തലമുറയിൽ നിന്നും, വാട്‌സ്ആപ്പും ഗൂഗിൾ പേയും ഒക്കെ ഉപയോഗിക്കാൻ പഠിച്ചവർ ധാരാളം. വൈദ്യുതി ബില്ലടയ്ക്കാനും ആശുപത്രിയിൽ അപോയിൻമെന്റ് ബുക്ക് ചെയ്യാനും മറ്റാരെയെങ്കിലും ആശ്രയിക്കേണ്ട അവസ്ഥ ഇവരിൽ പലർക്കും ഇനി ഉണ്ടാകില്ല. പദ്ധതി സാക്ഷാത്കാരത്തിലൂടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി ഉൾപ്പെടെയുള്ളവർ ആഗ്രഹിക്കുന്നതും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഗുണപരമായ ഉപയോഗം തന്നെയാണ്.
ബ്ലോക്ക് പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ഗ്രാമപഞ്ചായത്തുകളുടെ പൂർണ്ണ പിന്തുണയോടെയാണ് ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനത്തിന്റെ മുന്നൊരുക്കങ്ങൾ നടത്തുന്നത്. മറ്റു പഞ്ചായത്തുകളിലും പഠിതാക്കൾ സർട്ടിഫിക്കറ്റുകൾ സ്വയം ഡൗൺലോഡ് ചെയ്യുന്നതോടുകൂടി സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കും. മാസങ്ങൾക്ക് മുമ്പ് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഡിജിറ്റൽ സാക്ഷരതാ പദ്ധതി ഉദ്ഘാടനം ചെയ്തത്.


