
ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 വിതരണവും 50 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് വലിയ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആര്‍ദ്രം മിഷന്‍ ജനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. സമൂഹത്തിലെ രോഗാതുരത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് നടപ്പാക്കി വരുന്നതാണ് വാര്‍ഷിക പരിശോധനാ പദ്ധതി. പരിശോധനയ്ക്കുള്ള വിമുഖത മാറ്റി എല്ലാവരേയും ഇതിലേക്ക് കൊണ്ടുവരാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ നാല് മിഷനുകള്‍ക്ക് വലിയ രീതിയിലുള്ള ജനപങ്കാളിത്തമുണ്ടായി. ആര്‍ദ്രം മിഷനാണ് കേരളത്തിലെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നത്. ആരോഗ്യ രംഗത്ത് എടുത്ത് പറയത്തക്ക മാറ്റം ഉണ്ടാക്കാന്‍ ആര്‍ദ്രം മിഷനിലൂടെ കഴിഞ്ഞു. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആ പ്രദേശത്തെ കുടുംബങ്ങളുമായി നേരിട്ട് ബന്ധമുണ്ടാകണം. ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന അവരുടെ ചികിത്സാ കേന്ദ്രമായി കുടുംബാരോഗ്യ കേന്ദ്രം മാറണം. അങ്ങനെ വരുമ്പോള്‍ ഡോക്ടറും രോഗിയും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടാകും. 100 ദിന കര്‍മ്മ പരിപാടിയില്‍ 50 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. ആര്‍ദ്രം മിഷനിലൂടെ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടാകണം. ചില തദ്ദേശ സ്ഥാപനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.


