ബാലാവകാശ ലംഘനങ്ങളുടെയും പിഴവുകളുടെയും സംബന്ധിച്ച പരാതികളിന്മേൽ വേഗത്തിൽ പരിഹാരം കാണുന്നതിനായി സംസ്ഥാന ബാലാവകാശ കമ്മീഷൻ ഓൺലൈൻ കംപ്ലയിന്റ് മാനേജ്‌മെന്റ് സംവിധാനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ പരാതി സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പരാതികൾ ഓൺലൈനായി www.childrights.kerala.gov.in ൽ നേരിട്ടോ www.kescpcr.kerala.gov.in online services ലിങ്ക് മുഖേനയോ കമ്മീഷനെ അറിയിക്കാം. പരാതിയോടൊപ്പം ഡിജിറ്റൽ തെളിവുകളും ഓൺലൈനായി അയക്കാൻ സംവിധാനമുണ്ട്. കംപ്ലയിന്റ് രജിസ്‌ട്രേഷൻ പൂർത്തിയാകുമ്പോൾ അപേക്ഷകന്റെ മൊബൈലിൽ ലഭിക്കുന്ന കംപ്ലയിന്റ് നമ്പർ ഉപയോഗിച്ച് പരാതിയിന്മേൽ കമ്മീഷൻ സ്വീകരിച്ച തുടർ നടപടികൾ അറിയാൻ സാധിക്കും. സിസ്റ്റത്തിലെ ഡാഷ് ബോർഡിൽ നിന്നും പരാതി തീർപ്പാക്കലുമായി ബന്ധപ്പെട്ട മുഴുവൻ സ്ഥിതിവിവര കണക്കും കമ്മിഷന് വിലയിരുത്തി മുന്നോട്ടു പോകാനും സംവിധാനമുണ്ട്. ഇനി മുതൽ കമ്മീഷൻ സെക്രട്ടറിക്ക് നേരിട്ടോ തപാലിലോ ലഭിക്കുന്ന പരാതികൾ ഓൺലൈൻ കംപ്ലയിന്റ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമാക്കിയാകും തുടർ നടപടി സ്വീകരിക്കുക.