നിയമസഭാദിനാചരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാര വിതരണം നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കാര്യക്ഷമമായ ചർച്ചകളിലൂടെ ജനോപകാരപ്രദമായ നിയമനിർമാണം നടത്തുന്ന കേരള നിയമസഭ രാജ്യത്തിന് തന്നെ അഭിമാനമാണെന്ന് സ്പീക്കർ പറഞ്ഞു. സാമാജികർ തമ്മിൽ ആരോഗ്യകരമായ ബന്ധം നിലനിർത്താൻ സാധിക്കുന്നത് കേരള നിയമസഭയുടെ പ്രത്യേകതയാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

മാധ്യമപ്രവർത്തകർക്കായി ഏർപ്പെടുത്തിയ അവാർഡുകൾ സ്പീക്കർ വിതരണം ചെയ്തു. അച്ചടിമാധ്യമവിഭാഗത്തിൽ ഏർപ്പെടുത്തിയ ആർ ശങ്കരനാരായണൻ തമ്പി അവാർഡിന് ‘മെട്രോ വാർത്ത’യിലെ എം.ബി സന്തോഷ് അർഹനായി. ‘മലയാളത്തെ തോൽപ്പിക്കുന്ന മിടുക്കർ’ എന്ന ലേഖനത്തിനാണ് അവാർഡ്. ഇ.കെ.നായനാർ നിയമസഭാ മാധ്യമ അവാർഡിന് ‘മാതൃഭൂമി’യിലെ നിലീന അത്തോളി അർഹയായി. ‘തള്ളരുത് ഞങ്ങൾ എസ് എം എ രോഗികളാണ്’ എന്ന പരമ്പരയ്ക്കാണ് അവാർഡ്. ജി. കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡിന് ‘മലയാള മനോരമ’യിലെ സുജിത്ത് നായർ അർഹനായി. ‘നടുത്തളം, നിയമസഭാ അവലോകനം’ എന്ന ലേഖനത്തിനാണ് അവാർഡ്. ദൃശ്യ മാധ്യമ വിഭാഗത്തിൽ ഏർപ്പെടുത്തിയ ആർ. ശങ്കരനാനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡിന് ‘കൈരളി ന്യൂസി’ലെ ബിജു മുത്തത്തി അർഹനായി. ‘നാഞ്ചിനാടിന്റെ ഇതിഹാസം’ എന്ന പരിപാടിയാണ് അവാർഡിന് അർഹമായത്. ഇ.കെ.നായനാർ നിയമസഭാ മാധ്യമ അവാർഡ് ‘ഏഷ്യാനെറ്റ് ന്യൂസി’ലെ കെ. അരുൺകുമാറിന് ലഭിച്ചു, ‘ആനത്തോഴർ’ എന്ന പരിപാടിയ്ക്കാണ് അവാർഡ്. 50,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്.

മേശപ്പുറത്ത് വെച്ച കടലാസുകൾ സംബന്ധിച്ച സമിതിയുടെ കൈപ്പുസ്തകം പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നൽകി സ്പീക്കർ പ്രകാശനം ചെയ്തു. നിയമസഭാ ദിനാചരണത്തിന്റെ ഭാഗമായി നിയമവിദ്യാർഥികൾക്കായി നടത്തിയ പ്രശ്നോത്തരിയിൽ വിജയിച്ചവർക്കുള്ള പുരസ്‌കാര വിതരണവും നടന്നു. കേരള നിയമസഭയുടെ ചരിത്രം വ്യക്തമാക്കുന്ന ‘കേരള നിയമസഭ -നാൾവഴികൾ’ എന്ന പേരിൽ സഭാ ടി വി തയ്യാറാക്കിയ വീഡിയോ വേദിയിൽ പ്രദർശിപ്പിച്ചു. നിയമസഭാ ചീഫ് വിപ്പ് എൻ. ജയരാജ്, എം.എൽ.എമാരായ ഇ.ചന്ദ്രശേഖരൻ, മാത്യു ടി തോമസ്, പി.സി വിഷ്ണുനാഥ്, നിയമസഭാ സെക്രട്ടറി എ.എൻ ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!