കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് വര്‍ധിപ്പിച്ച നിരക്കിലുള്ള ആനുകൂല്യങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും ക്യാഷ് അവാര്‍ഡ് വിതരണവും തൊഴില്‍- വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിർവഹിച്ചു. പരമ്പരാഗത വ്യവസായ മേഖലകളിലെ തൊഴിലാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേരളത്തില്‍ വ്യവസായസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളില്‍ 62 ലക്ഷം അംഗങ്ങളാണുള്ളത്. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്കും ക്ഷേമത്തിനുമാണ് സർക്കാർ മുന്‍ഗണന നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടു പോകുന്ന കശുവണ്ടി മേഖലയ്ക്ക് എക്കാലവും സര്‍ക്കാരിന്റെ കൈതാങ്ങുണ്ട്. 30 കോടിയാണ് പുനരുജ്ജീവനത്തിനായി അനുവദിച്ചത്. ഇതില്‍ 20 കോടി ഇ എസ് ഐ, പി എഫ്, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും അഞ്ച് കോടി വീതം സ്ത്രീസൗഹൃദ തൊഴിലിടമാക്കാനും ഷെല്ലിങ് യൂണിറ്റ് നവീകരിക്കാനുമാണ് ഉപയോഗിക്കുക. അടച്ചുപൂട്ടിയ ഫാക്ടറികള്‍ പ്രവർത്തിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിഷുവിന് മുമ്പ് തന്നെ ക്ഷേമപെന്‍ഷന്‍ ലഭ്യമാക്കുമെന്ന് പരിപാടിയില്‍ അധ്യക്ഷനായ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഓണക്കിറ്റില്‍ കശുവണ്ടി ഉള്‍പ്പെടുത്തിയത്. ദേശീയ- അന്തര്‍ദേശീയ വിപണിയാണ് ലക്ഷ്യം. ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തുടര്‍ന്ന് വര്‍ധിപ്പിച്ച ആനുകൂല്യങ്ങള്‍, ക്യാഷ് അവാര്‍ഡ് വിതരണം മന്ത്രിമാര്‍ നിര്‍വഹിച്ചു. കിലയുടെ സിവില്‍ സര്‍വീസ് പരിശീലനത്തില്‍ പങ്കെടുത്ത ടി വിഷ്ണുവിന് കെ എസ് സി ഡി സി ചെയര്‍മാന്‍ എസ് ജയമോഹന്‍ ധനസഹായം കൈമാറി.

ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നയാള്‍ മരണപ്പെട്ടാല്‍ ശവസംസ്‌കാര സാമ്പത്തിക ആനുകൂല്യം 1000 ത്തില്‍ നിന്ന് 2500 രൂപയായും തൊഴിലാളി മരണപ്പെട്ടാല്‍ നോമിനിക്ക് 2000 രൂപയില്‍ നിന്ന് 5000 മായാണ് വര്‍ധിപ്പിച്ചത്. പ്ലസ് വണ്‍, പ്ലസ് ടു സ്‌കോളര്‍ഷിപ്പ് തുക 500 ല്‍ നിന്ന് 1000 മായും ബിരുദം 750ല്‍ നിന്ന് 1500 ആയും പിജി 1000ല്‍ നിന്ന് 2000 ആയും പ്രൊഫഷണല്‍ കോഴ്സുക്കാര്‍ക്ക് 1500ല്‍ നിന്നും 3000 ആയും പിഎച്ച്ഡിക്കാര്‍ക്ക് 2000 ല്‍ നിന്നു 5000 ആയും സ്‌കോളര്‍ഷിപ്പ് തുക ഉയര്‍ത്തി. ബോര്‍ഡില്‍ നിലവില്‍ 1600 രൂപ വീതമാണ് ക്ഷേമപെന്‍ഷന്‍ നല്‍കുന്നത്.
error: Content is protected !!