
രണ്ടാം ഘട്ടത്തിൽ 420 വനിതകൾക്ക് കരാട്ടെയിൽ പരിശീലനം നൽകും
സ്വയംസുരക്ഷയുടെയും പ്രതിരോധപാഠങ്ങളുടെയും പരിശീലന കളരിയിൽ നിന്നും ധീരതയുടെ പ്രതീകങ്ങളായി 28 കുടുംബശ്രീ വനിതകൾ ഇന്ന് (1/4/2023) പുറത്തിറങ്ങും. കുടുംബശ്രീയും സ്പോർട്ട്സ് കേരള ഫൗണ്ടേഷനും സംയുക്തമായി നടപ്പാക്കുന്ന ‘ധീരം’ പദ്ധതിയുടെ ഭാഗമായാണിത്. പദ്ധതിയുടെ ആദ്യഘട്ടമായി തെരഞ്ഞെടുത്ത മാസ്റ്റർ പരിശീലകർക്കു വേണ്ടി നടന്നു വരുന്ന പരിശീലന പരിപാടി ഇന്നു പൂർത്തിയാകും. ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത രണ്ടു പേർ വീതം ആകെ 28 പേരാണ് ഇതിൽ പങ്കെടുക്കുന്നത്. ഇവർക്ക് വട്ടിയൂർകാവ് ഷൂട്ടിങ്ങ് റേഞ്ചിലെ റസിഡൻഷ്യൽ ക്യാമ്പിൽ 25 ദിവസം കൊണ്ട് 200 മണിക്കൂർ പരിശീലനം ലഭ്യമാക്കി. കരാട്ടെയ്ക്കൊപ്പം ജിം പരിശീലനവും നൽകി.

സംസ്ഥാന സർക്കാരിന്റെ നൂറു ദിന പരിപാടിയുടെ ഭാഗമായി സ്ത്രീകളുടെ സ്വയരക്ഷയ്ക്കും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുമായി ആരംഭിച്ച പദ്ധതിയാണ് ‘ധീരം’. ഏപ്രിൽ മൂന്നാം വാരം രണ്ടാം ഘട്ട പരിശീലനത്തിന് തുടക്കമിടും. ഇത് ഒരു വർഷം നീളും. ഇതിന്റെ ഭാഗമായി മാസ്റ്റർ പരിശീലകർ മുഖേന ഓരോ ജില്ലയിലും 30 വനിതകൾക്ക് വീതം ആകെ 420 പേർക്ക് കരാട്ടെയിൽ പരിശീലനം ലഭ്യമാക്കും. ഇപ്രകാരം ജില്ലാതലത്തിൽ പരിശീലനം നേടിയ വനിതകളെ ഉൾപ്പെടുത്തി സംരംഭ മാതൃകയിൽ കരാട്ടെ പരിശീലന ഗ്രൂപ്പുകൾ ആരംഭിക്കുന്നതാണ് പദ്ധതിയുടെ മൂന്നാം ഘട്ടം. ഇവർ മുഖേന സ്‌കൂൾ, കോളജ്, റസിഡന്റ്സ് അസോസിയേഷൻ എന്നിവിടങ്ങളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും കരാട്ടെയിൽ പരിശീലനം നൽകുന്നതിനും ലക്ഷ്യമിടുന്നു. ജില്ലാതലത്തിൽ മാസ്റ്റർ പരിശീലകർക്ക് 10,000 രൂപ ഓണറേറിയം നൽകും.
സ്ത്രീകളെ സ്വയരക്ഷയ്ക്കും പ്രതിരോധത്തിനും പ്രാപ്തരാക്കുന്നതോടൊപ്പം സംരംഭ മാതൃകയിൽ കരാട്ടെ പരിശീലന ഗ്രൂപ്പുകൾ രൂപീകരിച്ചു കൊണ്ട് വനിതകൾക്ക് ഉപജീവന മാർഗമൊരുക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നതെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് പറഞ്ഞു. പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
കരാട്ടെ പരിശീലനാർത്ഥി കൊല്ലം ജില്ലയിൽ നിന്നുള്ള രേണു സ്വാഗതം പറഞ്ഞു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ സിന്ധു.വി പദ്ധതി വിശദീകരണം നടത്തി. സബ് കളക്ടർ അശ്വതി ശ്രീനിവാസ്, കായിക വകുപ്പ് അഡീഷണൽ ഡയറക്ടർ സീന എ.എൻ, സ്പോർട്ട്സ് കേരള ഫൗണ്ടേഷൻ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ രാജീവ്. ആർ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ശ്രീബാല അജിത്ത്, പബ്ലിക് റിലേഷൻസ് ഓഫീസർ നാഫി മുഹമ്മദ് എന്നിവർ പങ്കെടുത്തു. പരിശീലനം പൂർത്തിയാക്കിയവരുടെ കരാട്ടേ പ്രദർശനവും നടത്തി.


