
ഇന്ന് മുതൽ ആരംഭിക്കുന്ന ജി20 ഉച്ചകോടിയുടെ ഉദ്യോഗസ്ഥ സമ്മേളനത്തിനായി കുമരകത്തെ ഒരുക്കിയിരിക്കുകയാണ് ടൂറിസം വകുപ്പ്. സമ്മേളനത്തിന്റെ ഏകോപനത്തിനായി അമ്പതോളം വിനോദ സഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരാണ് കുമരകം കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരുന്നത്.

ഉത്തരവാദിത്ത ടൂറിസത്തിലൂടെ ലോകത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇതിനകം തന്നെ ശ്രദ്ധനേടിയ കുമരകത്തിന് വൻകുതിപ്പേകുന്നതായിരിക്കും ജി20 സമ്മേളനം. മാത്രമല്ല, കേരളത്തിന്റെ ടൂറിസം രംഗത്തെ കുതിച്ചുചാട്ടത്തിനും സമ്പദ്ഘടനയുടെ വളർച്ചയ്ക്കും ജി20 ഉച്ചകോടി ഉദ്യോഗസ്ഥ സമ്മേളനം കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന്റെ പൈതൃകം വിളിച്ചോതുന്ന സാംസ്‌കാരിക പരിപാടികൾ, കരയിലും കായലിലുമായി കേരളത്തിലെ 1200 ഓളം വരുന്ന അതിപ്രശസ്ത കലാകാരന്മാരുടെ കലാപ്രകടനങ്ങൾ, കേരളത്തിന്റെ തനതായ പൂരം, വള്ളംകളി, കളരിപ്പയറ്റ് തുടങ്ങിയ കലാകായിക രൂപങ്ങളുടെ അവതരണം എന്നിങ്ങനെ കേരളമൊന്നാകെ ഇനിയുള്ള ദിവസങ്ങളിൽ കുമരകത്തുണ്ടാകും.

സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത് കേരളത്തിന്റെ സ്വന്തം വിനോദ സഞ്ചാര ഉൽപ്പന്നമായ ഹൗസ് ബോട്ടുകൾ ആണ്. കൂടാതെ സമ്മേളനത്തിന്റെ അവസാന ദിവസമായ ഏപ്രിൽ രണ്ടിന് കേരളത്തിന്റെ ദേശീയോത്സവമായ ഓണാഘോഷത്തിന്റെ പുനരവതരണവും നടത്തും. വാഴയിലയിൽ വിളമ്പുന്ന ഓണസദ്യ, പുലികളി, കുമ്മാട്ടിക്കളി, ഊഞ്ഞാലാട്ടം, വടംവലി തുടങ്ങി എല്ലാ ആഘോഷങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.


