അഷ്‌ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കാൻ “സീ അഷ്‌ടമുടി’ ടൂറിസം ബോട്ട് സർവീസിന് തുടക്കം. 90പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള “സീ അഷ്‌ടമുടി’ ടൂറിസം ബോട്ട് സർവീസ് കൊല്ലം ബോട്ട് ജെട്ടിക്കു സമീപം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്‌തു. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനായി. എം മുകേഷ് എംഎൽഎ മുഖ്യാതിഥിയായി. സബ് കലക്ടർ മുകുന്ദ് ഠാക്കൂർ, കൗൺസിലർ ഹണി ബെഞ്ചമിൻ, ജലഗതാഗത വകുപ്പ് ഡയറക്‌ടർ ഷാജി വി നായർ, ട്രാഫിക് സൂപ്രണ്ട് സുജിത്‌ എന്നിവർ സംസാരിച്ചു. കായലിൽ അപകടത്തിൽപ്പെട്ട ശിക്കാര വള്ളത്തിലുള്ളവരെ രക്ഷിച്ച ജല​ഗതാ​ഗതവകുപ്പ് ജീവനക്കാരെ മന്ത്രി ആന്റണി രാജു ചടങ്ങിൽ ആദരിച്ചു.

ഐആർഎസ് സർട്ടിഫിക്കേഷനും അപ്പർഡെക്ക്‌ സംവിധാനവും എല്ലാ ആധുനിക സൗകര്യവുമുള്ള ബോട്ടിൽ താഴത്തെ നിലയിൽ 60-ഉം മുകളിൽ 30-ഉം ഇരിപ്പിടങ്ങളുണ്ട്‌. 1.70കോടി രൂപയാണ് നിർമാണച്ചെലവ്. കൊല്ലം സ്റ്റേഷനിൽനിന്ന് പകൽ 11.30ന് ആരംഭിച്ച് അഷ്ടമുടി, പെരിങ്ങാലം, പേഴുംതുരുത്ത് വഴി സാമ്പ്രാണിക്കൊടിയിലെത്തി ഒരു മണിക്കൂർ സമയം ദ്വീപ് സന്ദർശിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി വൈകിട്ട് 4.30ന് തിരിച്ചെത്തുന്ന രീതിയിൽ അഞ്ചു മണിക്കൂർ ദൈർഘ്യമുള്ള യാത്രയാണ് ഒരുക്കിയിരിക്കുന്നത്. അപ്പർ ഡെക്കിൽ 500 രൂപയും ലോവർ ഡെക്കിൽ 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കുടുംബശ്രീ യൂണിറ്റുകൾ മുഖാന്തിരം ലഘുഭക്ഷണശാലയും സജ്ജമാക്കിയിട്ടുണ്ട്. ബുക്കിങ്ങിനായി 9400050390 നമ്പറിൽ ബന്ധപ്പെടാം.