ജില്ലാ പൊലീസ് കംപ്ലൈന്റ്സ് അതോറിറ്റി സൗത്ത് സോൺ ചെയർമാനായി റിട്ട. സെലക്ഷൻ ഗ്രേഡ് ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി എസ്.വി. ഉണ്ണിക്കൃഷ്ണൻ നായരെയും നോർത്ത് സോൺ ചെയർമാനായി റിട്ട. സെലക്ഷൻ ഗ്രേഡ് ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി എസ്. സതീശ ചന്ദ്ര ബാബുവിനെയും നിയമിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ ചുമതലയാകും എസ്.വി. ഉണ്ണിക്കൃഷ്ണൻ നായർ വഹിക്കുക. എസ്. സതീശ ചന്ദ്ര ബാബു എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളുടെ ചുമതല വഹിക്കും.
തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ് എസ്.വി. ഉണ്ണിക്കൃഷ്ണൻ നായർ. 1986 മുതൽ നെയ്യാറ്റിൻകരയിൽ അഭിഭാഷകനായി പ്രാക്ടിസ് ആരംഭിച്ച അദ്ദേഹം 1995ൽ മുൻസിഫ് മജിസ്ട്രേറ്റായി. എറണാകുളം, മുവാറ്റുപുഴ, പത്തനംതിട്ട, ചാവക്കാട്, തിരുവനന്തപുരം, കരുനാഗപ്പള്ളി, കോട്ടയം, ചെങ്ങന്നൂർ, കൊട്ടാരക്കര എന്നിവിടങ്ങളിൽ മുൻസിഫ്, മജിസ്‌ട്രേറ്റ്, സബ് ജഡ്ജി, ജില്ലാ ജഡ്ജി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിയമ വകുപ്പിൽ ജോയിന്റ് സെക്രട്ടറി, കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണൽ രജിസ്ട്രാർ, നിയമസഭാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ് എസ്. സതീശ ചന്ദ്ര ബാബു. ഇടുക്കി, നെയ്യാറ്റിൻകര, പത്തനംതിട്ട, അമ്പലപ്പുഴ, അടൂർ, ഹരിപ്പാട് എന്നിവിടങ്ങളിൽ മുൻസിഫ് മജിസ്ട്രേറ്റ്, കൊട്ടാരക്കര സബോർഡിനേറ്റ് ജഡ്ജി, മഞ്ചേരി സി.ജെ.എം, മഞ്ചേരി, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിൽ ജില്ലാ ജഡ്ജി എന്നീ നിലകളിലും എറണാകുളം കുടുംബ കോടതി ജഡ്ജി, നിയമ വകുപ്പ് എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്