
ഒന്നിലേറെ കുടുംബങ്ങൾ താമസിക്കുന്ന വീട്ടിൽ ഓരോ കുടുംബത്തിനും പ്രത്യേകം റേഷൻ കാർഡുകൾ എന്ന ആവശ്യം റേഷനിംഗ് ഇൻസ്‌പെക്ടർക്ക് പരിശോധിച്ച് ബോധ്യപ്പെട്ടശേഷം അനുവദിക്കാമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.
ഒരു വീട്ടിൽ തന്നെ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുകയാണെങ്കിൽ ഓരോ കുടുംബത്തിനും പ്രത്യേകം അടുക്കള ഉണ്ടാകണം. ഒരു മേൽക്കൂരക്ക് കീഴിൽ ഒന്നിലധികം കുടുംബങ്ങൾക്ക് ഒരു അടുക്കള എന്ന രീതിയിൽ ആണെങ്കിൽ പ്രത്യേകം റേഷൻ കാർഡ് ലഭിക്കില്ല.മുൻഗണനാ കാർഡുകൾ അനർഹർ കൈവശം വച്ചിരിക്കുന്ന വിഷയത്തിൽ വിജിലൻസ് കമ്മിറ്റികൾ വാർഡ് തലത്തിൽ ഉടൻ തന്നെ യോഗം ചേർന്ന് നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വാർഡിലുള്ള റേഷൻ കടകളിലെ എ.എ.വൈ (മഞ്ഞ) കാർഡുകൾ പരിശോധനക്ക് വിധേയമാക്കും.
അനർഹർ മുൻഗണനാ കാർഡുകൾ കൈവശം വെച്ചിട്ടുണ്ടെങ്കിൽ ആ വിവരം 9188527301 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്. അറിയിക്കുന്ന ആളുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പുതുതായി 3,45,377 റേഷൻ കാർഡുകൾ അനുവദിച്ചു. മുൻഗണന വിഭാഗത്തിലേക്ക് മാറ്റി നൽകിയ കാർഡുകൾ എണ്ണം 3,38,271 ആണ്.
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ റേഷൻ കാർഡുമായി ബന്ധപ്പെട്ട് ലഭിച്ച ഓൺലൈൻ അപേക്ഷകൾ 49,07,322 ആണ്. ഇതിൽ 48,34,655 പരാതികളും തീർപ്പാക്കിയതായി മന്ത്രി അറിയിച്ചു.
മാവേലി സ്റ്റോറുകളിലെ ബില്ല് ഇംഗ്ലീഷിന് പകരം മലയാളത്തിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കും. റേഷൻ കടകളിലേക്ക് അരിയും മറ്റ് സാധനങ്ങളും ലോറിയിൽ നിന്ന് ഇറക്കുമ്പോൾ അളവും തൂക്കവും ഉറപ്പാക്കണമെന്ന റേഷൻ കടക്കാരുടെ ആവശ്യവും സർക്കാർ പരിഗണിക്കും. ഇതേക്കുറിച്ച് ഏപ്രിൽ നാലിന് ഭക്ഷ്യമന്ത്രി വിളിച്ചുചേർത്ത റേഷൻ വ്യാപാരി സംഘടനകളുടെ യോഗം ചർച്ച ചെയ്യും.



