
വിവിധ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കു സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ പ്രഥമ കേരള പുരസ്‌കാരങ്ങൾ സമർപ്പിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
കേരള ജ്യോതി പുരസ്‌കാരത്തിന് അർഹനായ എം.ടി. വാസുദേവൻ നായർക്കു വേണ്ടി മകൾ അശ്വതി വി. നായർ പുരസ്‌കാരം ഏറ്റുവാങ്ങി. ഓംചേരി എൻ.എൻ. പിള്ളയ്ക്കും ടി. മാധവ മേനോനും കേരള പ്രഭ പുരസ്‌കാരങ്ങൾ സമർപ്പിച്ചു. ഓംചേരിക്കു വേണ്ടി മകൾ ദീപ്തി ഓംചേരി ഭല്ലയാണു പുരസ്‌കാരം ഏറ്റുവാങ്ങിയത്. കേരള ശ്രീ പുരസ്‌കാരത്തിന് അർഹരായ ഡോ. സത്യഭാമദാസ് ബിജു, ഗോപിനാഥ് മുതുകാട്, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, ഡോ. വൈക്കം വിജയലക്ഷ്മി എന്നിവരും ഗവർണറിൽനിന്നു പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പുരസ്‌കാര ജേതാക്കളെ സദസിലേക്കു ക്ഷണിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, അഹമ്മദ് ദേവർകോവിൽ, ജെ. ചിഞ്ചുറാണി, എ.കെ. ശശീന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.പി. മോഹനൻ, വി.കെ. പ്രശാന്ത്, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


