
സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘മിഴിവ് 2023’ ഓൺലൈൻ വീഡിയോ മത്സരത്തിലേയ്ക്ക് എൻട്രികൾ ക്ഷണിച്ചു. ‘മാറുന്ന കേരളം’ എന്നതാണ് മത്സര വിഷയം. ഒരു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് ഒന്നാം സ്ഥാനം. രണ്ടും മൂന്നും സ്ഥാനം നേടുന്ന വീഡിയോകൾക്ക് യഥാക്രമം 50,000, 25,000 എന്നിങ്ങനെ ക്യാഷ് അവാർഡും ഫലകവും സർട്ടിഫിക്കറ്റും ലഭിക്കും. അഞ്ചു പേർക്ക് പതിനായിരം രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകും. വീഡിയോകളുടെ പരമാവധി ദൈർഘ്യം 90 സെക്കന്റാണ്. എൻട്രികൾ മാർച്ച് 23 വരെ mizhiv.kerala.gov.in ൽ അപ്‌ലോഡ് ചെയ്യാം. മത്സരത്തിൽ പങ്കെടുക്കാൻ പ്രായപരിധിയില്ല.
മൊബൈൽ ക്യാമറ ഉപയോഗിച്ച് ചിത്രീകരിക്കുന്ന എൻട്രികളും മത്സരത്തിനായി പരിഗണിക്കും. ഫിക്ഷൻ/ഡോക്യുഫിക്ഷൻ/അനിമേഷൻ, മ്യൂസിക് വീഡിയോ, മൂവിംഗ് പോസ്റ്റേഴ്സ് തുടങ്ങിയ രീതികളിൽ നിർമ്മിച്ച വീഡിയോകളാണ് മത്സരത്തിനായി പരിഗണിക്കുക. അണിയറപ്രവർത്തകരുടെ പേരും ചേർത്തുള്ള വീഡിയോകളുടെ എച്ച്.ഡി (1920×1080) mp4 ഫോർമാറ്റിൽ വേണം സമർപ്പിക്കേണ്ടത്.
വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് വേണം വീഡിയോകൾ അപ്‌ലോഡ് ചെയ്യേണ്ടത്. ഒരാൾക്ക് ഒരു വീഡിയോ മാത്രമേ മത്സരത്തിനായി നൽകാനാവൂ. ലഭ്യമാകുന്ന എൻട്രികളുടെ പകർപ്പവകാശം ഐ ആൻഡ് പി.ആർ.ഡി യിൽ നിക്ഷിപ്തമായിരിക്കും. ഐ ആൻഡ് പി.ആർ.ഡി ജീവനക്കാർക്ക് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: prd.kerala.gov.in.




