
സംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. 2023 മാർച്ച് ഒമ്പതിന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷ 29 ന് അവസാനിക്കും. ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പരീക്ഷ മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കും. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
രാവിലെ 9.30നാണ് എസ്.എസ്.എൽ.സി. പരീക്ഷ ആരംഭിക്കുക. 4,19,362 റെഗുലർ വിദ്യാർഥികളും192 പ്രൈവറ്റ് വിദ്യാർഥികളും പരീക്ഷയെഴുതും. ഇതിൽ 2,13,801 ആൺകുട്ടികളും 2,05,561 പെൺകുട്ടികളുമാണുള്ളത്. സർക്കാർ മേഖലയിൽ 1,170, എയിഡഡ് മേഖലയിൽ 1,421, അൺ എയിഡഡ് മേഖലയിൽ 369 എന്നിങ്ങനെ ആകെ 2,960 പരീക്ഷാ കേന്ദ്രങ്ങളാണു സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും പരീക്ഷയെഴുതുന്നുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയുടെ ഭാഗമായ ഐ.ടി. പരീക്ഷ 2023 ഫെബ്രുവരി 15 മുതൽ 25 വരെയുള്ള ദിവസങ്ങളിലായി കുറ്റമറ്റ രീതിയിൽ പൂർത്തീകരിച്ചു.
എസ്.എസ്.എൽ.സി പരീക്ഷയുടെമൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രിൽ മൂന്നു മുതൽ 26 വരെ നടക്കും. 18000ൽപ്പരം അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും. മൂല്യനിർണ്ണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിക്കും. ടാബുലേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം മേയ് രണ്ടാം വാരത്തിൽ റിസൾട്ട് പ്രസിദ്ധീകരിക്കും.
2023 പരീക്ഷ കേന്ദ്രങ്ങളിലായി 4,25,361 വിദ്യാർഥികൾ ഇത്തവണ ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയും 4,42,067 വിദ്യാർഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതുമെന്നു മന്ത്രി പറഞ്ഞു. രാവിലെ 9.30 ന് പരീക്ഷകൾ ആരംഭിക്കും. ഹയർ സെക്കണ്ടറി തലത്തിൽ ഏപ്രിൽ 3 മുതൽ മെയ് ആദ്യ വാരം വരെ മൂല്യനിർണയ ക്യാമ്പുകൾ നടക്കും. 80 ക്യാമ്പുകൾ തെരഞ്ഞെടുത്തിട്ടുണ്ട്. 25,000 അധ്യാപകരുടെ സേവനം മൂല്യനിർണയ ക്യാമ്പുകളിലുണ്ടാകും.
വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 389 കേന്ദ്രങ്ങളിലായി ഒന്നാം വർഷത്തിൽ 28820ഉം രണ്ടാം വർഷത്തിൽ 30740ഉം വിദ്യാർഥികൾ പരീക്ഷ എഴുതും. എട്ട് മൂല്യനിർണ്ണയ കേന്ദ്രങ്ങളിലായി 3,500 അധ്യാപകർ വേണ്ടി വരും. ഏപ്രിൽ 3 മുതൽ മൂല്യനിർണ്ണയ ആരംഭിക്കും. 1 മുതൽ 9 വരെയുള്ള ക്ലാസുകളിലെ പരീക്ഷ മാർച്ച് 13 ന് ആരംഭിച്ച് 30ന് അവസാനിക്കും



