
ടൈപ്പ് വൺ ഡയബറ്റിക് ആയ കുട്ടികൾ ഉള്ള രക്ഷിതാക്കൾ സർക്കാറിന് മുമ്പാകെ ഉന്നയിച്ച വിവിധ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് സാമൂഹികനീതി മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കി.
‘മിഠായി’ പദ്ധതിക്ക് കീഴിലുള്ള കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
രക്ഷിതാക്കളുടെ ആവശ്യങ്ങൾ നടപ്പാക്കാനുള്ള ആത്മാർത്ഥ ശ്രമങ്ങൾ ഉണ്ടാകും. ഇൻസുലിൻ പമ്പ് എല്ലാ കുട്ടികൾക്കും നൽകണമെന്ന ആവശ്യം പണച്ചെലവ് ഏറെയുള്ളതാണ്. എങ്കിലും സർക്കാർ പരിഗണിക്കും. ഇത്തവണ ബഡ്ജറ്റിൽ 3.8 കോടി രൂപയാണ് ജുവനൈൽ ഡയബറ്റിക് ആയ കുട്ടികൾക്ക് വേണ്ടിയുള്ള സാമൂഹിക സുരക്ഷാ മിഷന്റെ പദ്ധതിയായ ‘മിഠായി’ക്ക് വകയിരുത്തിയത്. ഫണ്ട് അനുസരിച്ച് പരമാവധി കാര്യങ്ങൾ നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
സാമൂഹ്യനീതി വകുപ്പ് ഏറെ താൽപര്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് മിഠായി. സംസ്ഥാനമൊട്ടാകെ 1250 കുട്ടികൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജുവനൈൽ ഡയബറ്റിക് പ്രയാസമുള്ള അവസ്ഥയാണ്. എന്നാൽ നമുക്ക് ഒത്തൊരുമിച്ച് നേരിടാനാകും, മന്ത്രി പറഞ്ഞു. പദ്ധതിക്ക് സംസ്ഥാനത്തെ പ്രധാന സർക്കാർ മെഡിക്കൽ കോളജുകളിൽ ആസ്ഥാനമുണ്ട്. ഇതിനുപുറമേ സർക്കാർ മെഡിക്കൽ കോളേജുകൾ ഇല്ലാത്ത ജില്ലകളിൽ സാറ്റലൈറ്റ് കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്.
കുട്ടികൾക്കുള്ള ലാബ് ടെസ്റ്റുകൾ സൗജന്യമാക്കണം എന്ന രക്ഷിതാക്കളുടെ ആവശ്യം ആരോഗ്യവകുപ്പുമായി ചർച്ച ചെയ്ത് തീരുമാനിക്കും. കുട്ടികളുടെ ഗ്ലൂക്കോസ് അളവ് മോണിറ്റർ ചെയ്യുന്നത് മാസം രണ്ട് തവണയായി വർധിപ്പിക്കണമെന്ന നിർദേശവും പരിഗണിക്കും. മിഠായി പദ്ധതിക്ക് കീഴിൽ രജിസ്ട്രേഷൻ ചെയ്യുന്ന വേളയിൽ ആവശ്യമുള്ള രേഖകൾ സമർപ്പിച്ചാൽ അംഗീകാരം നൽകാൻ തടസ്സമുണ്ടാകില്ല.
പ്രമേഹമുള്ള കുട്ടികളുടെ ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കാൻ രക്ഷിതാക്കൾ ഒട്ടും വിമുഖത കാട്ടരുതെന്ന് മന്ത്രി ബിന്ദു ഓർമിപ്പിച്ചു. മിഠായി പദ്ധതി നടപ്പാക്കുന്ന മെഡിക്കൽ കോളേജിലെ കേന്ദ്രങ്ങളിലോ സാറ്റലൈറ്റ് കേന്ദ്രങ്ങളിലോ ഉള്ള പ്രവർത്തനങ്ങളിൽ എന്തെങ്കിലും ന്യൂനതകൾ ഉണ്ടെങ്കിൽ അവ ചൂണ്ടിക്കാട്ടണം.
ചടങ്ങിൽ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഷിബു എ, അസിസ്റ്റൻറ് ഡയറക്ടർ ഷെരീഫ് പി, ഗ്രാന്റ്മാസ്റ്റർ ജി.എസ് പ്രദീപ്, ഡോക്ടർമാരായ റിയാസ് വിജയകുമാർ, ജയകുമാരി, റാസി എന്നിവർ പങ്കെടുത്തു. കുട്ടികളും രക്ഷിതാക്കളുമായി ഡോക്ടർമാരുടെ ചോദ്യോത്തരവേള, ബോധവൽക്കരണ ക്ലാസ് എന്നിവ നടന്നു. വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച കുട്ടികൾക്ക് മന്ത്രി സമ്മാനം നൽകി.



