
മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്കായി വിമാനയാത്രയൊരുക്കി സംസ്ഥാന സർക്കാർ. ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് സർക്കാർ പിന്തുണയോടെ ആദ്യമായി വിമാനത്തിൽ പറന്നിറങ്ങിയത്. ദേശീയതല പഠനയാത്രയുടെ ഭാഗമായാണ് ബംഗളൂരു വിമാനത്താവളത്തിൽനിന്ന് കുട്ടികൾ കൊച്ചിയിലേക്ക് യാത്രചെയ്തത്.
മത്സ്യത്തൊഴിലാളികളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനായി ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി സംസ്ഥാനത്ത് 10 ഫിഷറീസ് ടെക്നിക്കൽ സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. ഈ സ്കൂളിലെ കുട്ടികളുടെ പഠനയാത്രയുടെ ഭാഗമായി 19,19,400 രൂപയാണ് ഈ അധ്യയനവർഷം സർക്കാർ അനുവദിച്ചത്. പത്താം ക്ലാസ് വിദ്യാർഥികൾക്ക് വിമാന, തീവണ്ടി യാത്രകൾ ഉൾപ്പെടെ ദേശീയതല പഠനയാത്രയ്ക്കും മറ്റ് കുട്ടികളെ സംസ്ഥാനതല പഠനയാത്രയ്ക്കും പങ്കെടുപ്പിക്കാൻ വേണ്ടിയാണ് ഈ തുക അനുവദിച്ചത്. കരുനാഗപ്പള്ളി ഗവ. റീജിയണൽ ഫിഷറിസ് ടെക്നിക്കൽ ഹൈസ്കൂളിന് അനുവദിച്ച 2,11,400 രൂപ പ്രയോജനപ്പെടുത്തിയാണ് ആകാശച്ചിറകേറുക എന്ന കുട്ടികളുടെ ആഗ്രഹം സഫലമായത്.
ഇരുപത്തഞ്ച് വിദ്യാർഥികൾ അടങ്ങുന്ന പഠനയാത്രാസംഘം തീവണ്ടി മാർഗം മൈസൂരുവിലെത്തി. മൈസൂർ കൊട്ടാരം, ഫിനോമിന ചർച്ച്, ശ്രീ ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻ, ചാമുണ്ഡ ഹിൽസ്, ബൃന്ദാവൻ ഗാർഡൻ എന്നിവ സന്ദർശിച്ചശേഷം ബംഗളൂരുവിലേക്കും അവിടെനിന്ന് ലാൽബാഗിലെ പുഷ്പോത്സവം കണ്ട് ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും യാത്രചെയ്തു. കുട്ടികൾക്കൊപ്പം അസിസ്റ്റന്റ് ഫിഷറീസ് എക്‌സ്റ്റൻഷൻ ഓഫീസർ ഷൈനു എസ് പ്രഭ, വാർഡൻ ബാബു, സ്കൂൾ സ്റ്റാഫ് മുഹമ്മദ് റാഷിദ് എന്നിവരും ഉണ്ടായിരുന്നു.



