തൊഴിലുറപ്പ് ക്ഷേമനിധി ചെയർമാനായി നിയമിതനായ എസ് രാജേന്ദ്രന് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ കമ്മറ്റിയുടെ ആദരം നൽകി. യൂണിയൻ ജില്ലാ സെക്രട്ടറി ജയപ്രകാശ് ഉപഹാരം നൽകി.
രാജ്യത്താദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമമുറപ്പാക്കാനും ആശ്വാസ നടപടികൾ കൈക്കൊള്ളുന്നതിനുമായി ക്ഷേമനിധി ബോർഡ് രൂപികരിച്ച് കേരളം. സംസ്ഥാനത്ത് 26 ലക്ഷം തൊഴിലാളികൾക്ക് ക്ഷേമനിധിയുടെ ഗുണഫലം ലഭ്യമാകും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളും അയ്യൻകാളി നഗര തൊഴിലുറപ്പ് തൊഴിലാളികളും ക്ഷേമനിധിയിലുണ്ടാകും. നിശ്ചിതകാലം തൊഴിലെടുത്തവർക്ക് ക്ഷേമനിധിയിൽ അംഗത്വം നേടാം. മാസം നിശ്ചിത തുക തൊഴിലാളി അടയ്ക്കണം. സംസ്ഥാന സർക്കാരും തദ്ദേശസ്ഥാപനങ്ങളും ഇതേ തുക ക്ഷേമനിധിയിലേക്ക് സംഭാവന ചെയ്യും.
തദ്ദേശവകുപ്പിനു കീഴിലാകും ബോർഡിന്റെ പ്രവർത്തനം. 18 വയസ്സ് പൂർത്തിയായ തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ അംഗത്വമെടുക്കാം. 55 വയസ്സുവരെ ക്ഷേമനിധി വിഹിതമടയ്‌ക്കാം. 60 വയസ്സാകുന്നതോടെ മിനിമം പെൻഷൻ ഉറപ്പാകും. ഉയർന്ന പ്രായപരിധിയില്ലാത്തതിനാൽ 60 പിന്നിട്ടവർക്കും തൊഴിലെടുക്കാം. പ്രസവാനുകൂല്യം, ചികിത്സാ സഹായം, ആരോഗ്യ ഇൻഷുറൻസ്, മരണാനന്തര സഹായം, പഠനാനുകൂല്യങ്ങൾ എന്നിവയെല്ലാം ഉറപ്പാക്കും. പദ്ധതി നിലവിൽ വരുന്നതോടെ തൊഴിലാളികൾക്ക് അവരുടെ ജീവിത നിലവാരം ഉയർത്താനും ക്ഷേമം ഉറപ്പുവരുത്താനും കഴിയും.