
സ്കൂളിന്റെ മികവുകൾ പൊതുസമൂഹത്തിലേയ്ക്ക്എത്തിയ്ക്കുക എന്ന ലക്ഷ്യത്തോടെ കടയ്ക്കൽ GVHSS പോക്കറ്റ് പിടിഎ സംഘടിപ്പിച്ചു.
കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാതൃകയാണെന്ന് കുമ്മിൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി രജിതകുമാരി അഭിപ്രായപ്പെട്ടു.

സ്കൂളിൻറെ പ്രവർത്തനങ്ങൾ സമൂഹത്തിൽ എത്തിക്കുക എന്ന ദൗത്യവുമായി വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്താൻ ഉദ്ദേശിക്കുന്ന പോക്കറ്റ് പി ടി എ മീറ്റിങ്ങിന്റെ ആദ്യയോഗം കടയ്ക്കൽ മുക്കുന്നം മന്നാനിയ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

പഠനരംഗത്തും പാഠ്യേതര രംഗങ്ങളിലും മികവുപുലർത്തുന്ന സ്കൂൾ സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെയാണ് സൃഷ്ടിച്ചെടുക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.
കടയ്ക്കൽ ജുനൈദിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ടി. വിജയകുമാർ ആമുഖഭാഷണം നടത്തി.

ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ നജീം എ,പഞ്ചായത്ത് മെമ്പർ ശാലിനി,അധ്യാപകരായ എ ഷിയാദ് ഖാൻ,ഉണ്ണികൃഷ്ണൻ ജി, എം. സബീന ബീഗം എന്നിവർ സംസാരിച്ചു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പദ്യപാരായണത്തിൽ എ ഗ്രേഡ് നേടിയ മുക്കുന്നം സ്വദേശിനി റിസാനയെ ചടങ്ങിൽ ആദരിച്ചു.സ്കൂളിൻറെ പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്കാരവും പ്രദർശിപ്പിച്ചു.




