10 ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ച് 76 കിലോമീറ്റർ ദൈർഘ്യത്തിൽ നിർമ്മിക്കുന്ന കൊച്ചി വാട്ടർ മെട്രോ ഇന്ത്യയിലെ തന്നെ ആദ്യ വാട്ടർ മെട്രോ സർവീസാണ്. 15 റൂട്ടുകളിലായി സർവീസ് നടത്താനൊരുങ്ങുന്ന വാട്ടർമെട്രോയ്ക്കായ് 38 ജെട്ടികൾ നിർമ്മിക്കുന്നുണ്ട്. 100 പേർക്ക് ഒരുമിച്ച് സഞ്ചരിക്കാൻ കഴിയുന്ന വാട്ടർമെട്രോ ബോട്ടുകൾ ഭിന്നശേഷി സൗഹൃദമാക്കിയും മികച്ച സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയും നിർമ്മിച്ചുനൽകുന്നത് കൊച്ചിന്‍ ഷിപ്പ് യാര്‍ഡാണ്.

ലോകത്തിൽ തന്നെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഏറ്റവും വിപുലമായ ബോട്ട് ശൃംഖലയായാണ് കൊച്ചി വാട്ടർ മെട്രോ ആസൂത്രണം ചെയ്തിരിക്കുന്നത്. 10-15 മിനിറ്റ് കൊണ്ട് ചാര്‍ജ് ചെയ്യാം. യാത്രക്കാര്‍ കയറി, ഇറങ്ങുമ്പോള്‍ പോലും ആവശ്യമെങ്കില്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യമുണ്ട്.

വാട്ടര്‍മെട്രോ ടെര്‍മിനലുകളുടെയും ബോട്ടുകളുടെയും നിര്‍മാണം വളരെ വേഗം പുരോഗമിക്കുകയാണ്. വാട്ടർ മെട്രോ യാഥാർത്ഥ്യമാകുന്നതോടെ പുതിയ ടൂറിസം സാധ്യതകൾ കൂടി സൃഷ്ടിക്കപ്പെടും. ഒപ്പം കൊച്ചിയിൽ കുറഞ്ഞ ചിലവിൽ സമയനഷ്ടമില്ലാതെ യാത്ര സാധ്യമാകും.