ഇട്ടിവ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതി താക്കോൽ ദാനം 2023 ഫെബ്രുവരി 13 തിങ്കളാഴ്ച 3 മണിയ്ക്ക് വയ്യാനം ജംഗ്ഷനിൽ നടന്നു.
ഇട്ടിവ പഞ്ചായത്ത് പ്രസിഡന്റ് കുമാരി സി അമൃതയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ഗുണഭോക്താക്കൾക്ക് നിർമ്മാണം പൂർത്തിയായ വീടുകളുടെ താക്കോൽ കൈമാറി.
വൈസ് പ്രസിഡന്റ് ബി ഗിരിജമ്മ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി ദിനേശ് കുമാർ,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ബി ബൈജു,ബി. എസ് സോളി, പഞ്ചായത്ത് മെമ്പർമാരായ റ്റി സി പ്രദീപ്,ടോം കെ ജോർജ്, ജെ. ബി റാഫി, ലളിതമ്മ,ഡി. ലില്ലിക്കുട്ടി,കെ ശ്രീദേവി, ജയേഷ് അഫ്സൽ പൊതുപ്രവർത്തകരായ ഡി മോഹൻദാസ്, കെ ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.
ഈ ഭരണ സമിതി നിലവിൽ വന്നതിന് ശേഷം 107 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. ഇപ്പോൾ ലൈഫ് ഗുണാഭോക്ത പട്ടികയിൽ ഉൾപ്പെട്ട 134 പട്ടിക ജാതി വിഭാഗത്തിലുള്ള കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വീടുകൾ നൽകുന്നത്.
കേരളത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങള്‍ക്ക് സമഗ്ര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലൈഫ് മിഷൻ പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തീകരിക്കുകയും രണ്ടാം ഘട്ടം വിജയകരമായി പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്.
കേരളത്തിലെ എല്ലാ അർഹരായ ഭൂരഹിതരായ ഭവനരഹിതർക്കും സ്വന്തമായി തൊഴിൽ ചെയ്ത് ഉപജീവനം നിർവ്വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളിൽ മാന്യമായി ഭാഗഭാക്കാകാനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം ലഭ്യമാക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകള്‍ നൽകുക എന്ന ഉദ്ദേശത്തോടെയാണ് ലൈഫ് മിഷൻ എന്ന സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതി നടപ്പിലാക്കി വരുന്നത്.