
വ്യാജ നമ്പർപ്ലേറ്റ് പതിച്ച് സർവീസ് നടത്തിയ രണ്ട് കർണാടക രജിസ്ട്രേഷൻ ടോറസ് ലോറികൾ കൊല്ലം ആർടിഒ കരുനാഗപ്പള്ളി സ്ക്വാഡ് പിടികൂടി. 2019 ൽ രേഖകൾ കാലാവധി കഴിഞ്ഞ വാഹനത്തിന് രൂപമാറ്റം വരുത്തി രേഖകൾ കാലാവധിയുള്ള കർണാടക രജിസ്ട്രേഷനിലുള്ള വാഹനങ്ങളുടെ നമ്പർ പ്രദർശിപ്പിച്ച് സർവീസ് നടത്തുകയായിരുന്നു ഒരു വാഹനത്തിന് 54,780 രൂപ വീതം രണ്ടുലോറികൾക്കുമായി 1,09,560- രൂപ പിഴ ചുമത്തി. വാഹനങ്ങളും ഡ്രൈവർമാരായ ചിതറ വളർപമ്പ കാരൂർ ലക്ഷംവീട്ടിൽ സുഭാഷ്, തെങ്കാശി വടക്കത്തിയമ്മൻകോവിൽ സ്വദേശി തിരുമലൈ മുരുകൻ എന്നിവരെയും ചവറ പൊലീസിന് കൈമാറി. എംവിഐ കെ ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എംവിഐമാരായ കെ ജയകുമാർ, എസ് ഷാജിമോൻ എന്നിവരാണ് വാഹനങ്ങൾ പിടികൂടിയത്.തമിഴ്നാട്ടിൽനിന്ന് കരുനാഗപ്പള്ളിയിലേക്ക് മെറ്റലുമായി വന്നതാണ് ലോറികൾ. മെറ്റൽ ഇറക്കി മടങ്ങവെയാണ് ദേശീയപാതയിൽ ചവറ കുറ്റിവട്ടത്തിന് സമീപം സ്ക്വാഡ് വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചത്. വാഹനത്തിന്റ ബോഡി രൂപമാറ്റം വരുത്തിയെന്ന സംശയത്തിൽ കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് നമ്പരുകൾ വ്യാജമെന്ന് വ്യക്തമായത്. വാഹനങ്ങളുടെ ചേസിസ് നമ്പരും എൻജിൻ നമ്പരും ഉപയോഗിച്ച് ഒറിജിനൽ രെജിസ്ട്രേഷൻ നമ്പർ കണ്ടെത്തി.നാമക്കൽ സെന്തിൽ ട്രാൻസ്പോർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനങ്ങളെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.



