എറണാകുളം മറൈൻ ഡ്രൈവിൽ ഫെബ്രുവരി 4 മുതൽ 6 വരെ പ്രദർശനങ്ങൾ, സംവാദങ്ങൾ, വിവിധ സെഷനുകൾ
ശുചിത്വ മിഷന്റെ നേതൃത്വത്തിൽ 2023 ഫ്രെബ്രുവരി 4 മുതൽ 6 വരെ എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജീസ് (GEx Kerala 23) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മറൈൻ ഡ്രൈവിൽ ജനുവരി നാലിന് നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും. വിശാലമായ ശീതീകരിച്ച പവലിയനിൽ അന്താരാഷ്ട്ര സാങ്കേതിക വിദ്യകളും, യന്ത്രസംവിധാനങ്ങളും, സ്വദേശത്തും വിദേശത്തും അംഗീകാരം ലഭിച്ച മികച്ച മാതൃകകൾ പരിചയപ്പെടുത്തുന്ന നൂറോളം സ്റ്റാളുകൾ, മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലൂന്നിയുള്ള സെമിനാറുകൾ, വിദേശത്തും സ്വദേശത്തും നിന്നുമുള്ള വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പാനൽ ചർച്ചകൾ, സംരഭക സമ്മേളനങ്ങൾ, ഓപ്പൺ ഫോറങ്ങൾ, ടെക്നിക്കൽ സെഷനുകൾ, ഹാക്കത്തോൺ, കലാ സാംസ്‌ക്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യക്കകത്തും, വിദേശത്തും നിന്നുമുള്ള മാലിന്യ പരിപാലന മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകളും, യന്ത്രോപകരണങ്ങളും, ആശയങ്ങളും അവതരിപ്പിക്കുന്നതിനും, മാലിന്യ പരിപാലന സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ദൂരീകരിച്ച് പൊതു അവബോധം വളർത്തുന്നതിനും അവസരമൊരുക്കുന്ന ഈ കോൺക്ലേവിൽ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലെയും, മുൻസിപ്പാലിറ്റികളിലെയും, കോർപ്പറേഷനുകളിലെയും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും പ്രതിനിധികൾ പങ്കെടുക്കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങെളെയും പ്രതിനിധീകരിച്ച് പത്ത് പേരടങ്ങുന്ന പ്രതിനിധി സംഘം കോൺക്ലേവിൽ പങ്കെടുക്കും.
മാലിന്യ സംസ്‌ക്കരണ രംഗത്ത് പ്രവർത്തിക്കുന്ന ഹരിത കേരള മിഷൻ, ക്ലീൻ കേരള കമ്പനി, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട്, അമൃത് പദ്ധതി, ഇംപാക്ട് കേരള ലിമിറ്റഡ്, കേരള വാട്ടർ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയവയുടെ പങ്കാളിത്തവും GEx Kerala ’23ലുണ്ടാകും. വലിയ തോതിൽ മാലിന്യം ഉൽപ്പാദിപ്പിക്കുന്ന ഓഡിറ്റോറിയങ്ങൾ, ഷോപ്പിങ് മാളുകൾ, വ്യവസായങ്ങൾ, ഹോട്ടലുകൾ, ആശുപത്രികൾ, കെട്ടിട നിർമ്മാണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഉടമസ്ഥർ, അവയുടെ സംഘടനാ പ്രതിനിധികൾ എന്നിവർക്ക് കോൺക്ലേവിൽ പങ്കെടുക്കുന്നതിന് അവസരമൊരുക്കിയിട്ടുണ്ട്. വ്യവസായ സംരഭകരും, സ്റ്റാർട്ട് അപ്പ് സ്ഥാപനങ്ങളും പങ്കെടുക്കും.
എക്സ്പോയിൽ പങ്കെടുക്കുന്നവർ https://gex.suchitwamission.org/ എന്ന ഓൺലൈൻ പോർട്ടലിലൂടെ രജിസ്ട്രേഷൻ പൂർത്തികരിക്കണം. പൊതുജനങ്ങൾക്ക് ഒരാൾക്ക് ഒരു ദിവസത്തേക്ക് 250 രൂപയും വിദ്യാർഥികൾക്ക് ഒരാൾക്ക് ഒരു ദിവസത്തേക്ക് 100 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. എൻവയോൺമെന്റെൽ എൻജിനീയറിങ്, എൻവയോൺമെന്റെൽ സയൻസ് എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാണ്. ജനുവരി 21ന് ആരംഭിക്കുന്ന രജിസ്ട്രേഷൻ ഫെബ്രുവരി 2ന് അവസാനിക്കും.
ഖര, ദ്രവ മാലിന്യ പരിപാലന രംഗത്ത് ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തി കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമായി മാറ്റുന്നതിനുള്ള ഉദ്യമങ്ങളുടെ ഭാഗമായാണ് സംസ്ഥാന സർക്കാർ കോൺക്ലേവ് സംഘടിപ്പിക്കുന്നത്.