
നവകേരള സൃഷ്ടിയിൽ വിജ്ഞാന സ്വാതന്ത്ര്യത്തിന്റെ ജനപക്ഷ വികസന ബദൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘ഫ്രീഡം ഫെസ്റ്റ് 2023’ രാജ്യാന്തര സമ്മേളനത്തിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മെയ് 12 മുതൽ 16 വരെ വിജ്ഞാന സ്വാതന്ത്ര്യ രംഗത്തെ പ്രവർത്തകരും സംഘടനകളും സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെയാണ് തിരുവനന്തപുരത്ത് ‘ഫ്രീഡം ഫെസ്റ്റ് 2023: നോളജ്, ഇന്നോവേഷൻ, ടെക്‌നോളജി’ എന്ന പേരിൽ സമ്മേളനം സംഘടിപ്പിക്കുന്നത്. ഡിജിറ്റൽ ടെക്‌നോളജി, സ്റ്റാർട്ട് അപ്പുകളും ഇന്നൊവേഷനുകളും, ഇന്നൊവേഷനും സമൂഹവും, മെഡിടെക്, എഡ്യൂടെക്, മീഡിയാടെക്, ഇ-ഗവേണൻസ്, ഓപ്പൺ ഹാർഡ് വെയർ, ടെക്‌നോ-ലീഗൽ ഫ്രെയിംവർക്ക്, അഗ്രിടെക്, ഫിൻടെക്, ഇന്റർനെറ്റ് ഗവേർണൻസ് തുടങ്ങിയ വിവിധ മേഖലകളിൽ സെമിനാറുകളും ചർച്ചകളും പ്രദർശനങ്ങളും ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും. ഫ്രീഡം ഫെസ്റ്റ് 2023 -ന് മുൻ ധനമന്ത്രി തോമസ് ഐസക് ചെയർമാനായ അക്കാദമിക് കമ്മിറ്റി പ്രവർത്തനം തുടങ്ങി.
ഐ.ടി സെക്രട്ടറി ഡോ. രത്തൻ കേൽക്കർ, അക്കാദമിക് കമ്മിറ്റി കോ-ചെയർ ഡോ.ബി.ഇക്ബാൽ, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, ഡി.എ.കെ.എഫ് ജനറൽ സെക്രട്ടറി ടി.ഗോപകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.



