മിനിലോറിയിൽ കടത്തുകയായിരുന്ന 50 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. 94,410 പായ്‌ക്കറ്റ് പുകയില ഉൽപ്പന്നങ്ങളാണ് മിനിലോറിയിൽ ഉണ്ടായിരുന്നത്. ചകിരിച്ചോർ നിറച്ച ചാക്കുകൾക്ക് അടിയിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.
വെള്ളി രാത്രി 11.30ന് ദേശീയപാതയിലാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. കരുനാഗപ്പള്ളി എസിപിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷന് സമീപം സംശയാസ്പദമായി തോന്നിയ ലോറി നിർത്താൻ പൊലീസ് ആവശ്യപ്പെട്ടു. നിർത്താതെപോയ ലോറിയെ പൊലീസ് പിന്തുടർന്നതോടെ കരോട്ട് ജങ്‌ഷനിൽ വാഹനം നിർത്തി ഡ്രൈവറും മറ്റൊരാളും ഇറങ്ങിയോടി. തുടർന്ന്, ലോറി പരിശോധിച്ചപ്പോഴാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. മിനിലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.
ലോറി മൂവാറ്റുപുഴ സ്വദേശിയുടേതാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. എസിപി വി എസ് പ്രദീപ് കുമാർ, എസ്എച്ച്ഒ വി ബിജു എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ രാധാകൃഷ്ണപിള്ള, എഎസ്ഐ നിസാമുദീൻ, സിപിഒമാരായ വിശാഖ്, ഹാഷിം, എസ്‌സിപിഒ രാജീവ് എന്നിവരടങ്ങിയ സംഘമാണ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചത്.