
സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികൾക്ക് സ്‌പൈൻ സ്‌കോളിയോസിസ് ശസ്‌ത്രക്രിയയ്‌ക്ക് സർക്കാർ മേഖലയിൽ ആദ്യമായി സംവിധാനം ഒരുങ്ങുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഓർത്തോപീഡിക് വിഭാഗത്തിലാണ് പ്രത്യേക സംവിധാനമൊരുക്കുക. നട്ടെല്ലിന്റെ വളവ് ശസ്‌ത്രക്രിയയിലൂടെ നേരയാക്കുന്നതാണ് സ്‌പൈൻ സ്‌കോളിയോസിസ് ശസ്‌ത്രക്രിയ.
സ്വകാര്യ ആശുപത്രികളിൽ 15 ലക്ഷത്തോളം രൂപ ചെലവുവരുന്ന ശസ്‌ത്രക്രിയയാണ് മെഡിക്കൽ കോളേജിൽ സർക്കാർ പദ്ധതിയിലൂടെ സൗജന്യമായി ചെയ്യുക. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനമായത്. എട്ടുമുതൽ 12 മണിക്കൂർ വരെ സമയമെടുക്കുന്ന സങ്കീർണ ശസ്‌ത്രക്രിയയാണിത്. മുന്നൂറോളം സ്‌പൈൻ സ്‌കോളിയോസിസ് ശസ്‌ത്രക്രിയ നടത്തിയതിന്റെ അനുഭവ പരിചയവുമായാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പുതിയ സംരംഭത്തിലേക്ക് കടക്കുന്നത്. സർക്കാർ മേഖലയിൽ ആദ്യമായി എസ്എംഎ ക്ലിനിക് എസ്എടി ആശുപത്രിയിൽ ആരംഭിച്ചതും എൽഡിഎഫ് സർക്കാരാണ്.

