തിരുവാഭരണ ഘോഷയാത്രയോടനുബന്ധിച്ചുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. പന്തളം വലിയകോയിക്കൽ ക്ഷേത്ര ഹാളിൽ തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ചുള്ള അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.
കഴിഞ്ഞ രണ്ടു വർഷങ്ങളെ അപേക്ഷിച്ച് വൻ ജനതിരക്ക് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൻ ജനതിരക്ക് പ്രതീക്ഷിച്ചു കൊണ്ടുള്ള മുന്നൊരുക്ക പ്രവർത്തനങ്ങളാണ് ഇത്തവണ നടത്തുക. തിരക്ക് ക്രമീകരിക്കലാണ് ഏറ്റവും ശ്രദ്ധിക്കേണ്ട മേഖല. ഇരുനൂറ് പോലീസുകാർ അടങ്ങുന്ന സംഘം തിരുവാഭരണ ഘോഷയാത്രയിൽ സുരക്ഷയൊരുക്കും.
ഒരു മെഡിക്കൽ ടീം ആംബുലൻസ് ഘോഷയാത്രയോടൊപ്പം ഉണ്ടാവും. കുളനട പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വൈകുന്നേരം ആറു വരെ ചികിത്സാ സംവിധാനമൊരുക്കും. ചെറുകോൽ പ്രാഥമികാരോഗ്യകേന്ദ്രം, കാഞ്ഞീറ്റുകര, റാന്നി പെരുനാട്, എന്നീ ആശുപത്രികളിൽ ഇരുപത്തിനാലു മണിക്കൂർ സേവനമൊരുക്കും. വടശേരിക്കര ആശുപത്രിയിൽ രാത്രി എട്ടു വരെയും ചികിത്സാ സഹായമൊരുക്കും. ഫയർഫോഴ്സിന്റെ പതിനൊന്നു പേരടങ്ങുന്ന ഫസ്റ്റ് റസ്പോൺസ് ടീം, സിവിൽ ഡിഫൻസ് അംഗങ്ങൾ ഘോഷയാത്രയോടൊപ്പം ഉണ്ടാവുമെന്നും കളക്ടർ പറഞ്ഞു.
യാതൊരുവിധ പരാതികളും ഇല്ലാതെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ പറഞ്ഞു. ഏറ്റവും മികച്ച രീതിയിൽ തിരുവാഭരണ ഘോഷയാത്ര നടത്തും. സമാധാനപരമായി ഘോഷയാത്ര നടത്തുന്നതിന് എല്ലാ വകുപ്പുകളുടേയും സഹകരണം ഉണ്ടാവണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ ടി.ജി. ഗോപകുമാർ, രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമ്മ, കൊട്ടാരം നിർവഹണ സംഘം പ്രസിഡന്റ് ടി.ജി. ശശികുമാര വർമ്മ, സെക്രട്ടറി പി.എൻ. നാരായണവർമ്മ, ട്രഷറർ ദീപാവർമ്മ, പന്തളം വലിയ കോയിക്കൽ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ജി. പൃഥിപാൽ, സെക്രട്ടറി ആഘോഷ് വി സുരേഷ്, ആറന്മുള ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ സൈനു രാജ്, ഡിവൈഎസ്പി ആർ. ബിനു, വകുപ്പുതല ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.