വ്യോമസേനയുടെ 2 പോർവിമാനങ്ങൾ കൂട്ടിയിടിച്ചതിനെത്തുടർന്നു പൈലറ്റ് കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ മുറൈന ജില്ലയിലാണ് റഷ്യൻ നിർമിത സുഖോയ് 30, ഫ്രഞ്ച് നിർമിത മിറാഷ് 2000 വിമാനങ്ങൾ പതിവു പരിശീലനത്തിനിടെ കൂട്ടിയിടിച്ചു തകർന്നത്. ഇടിയുടെ ആഘാതത്തിൽ സുഖോയ് വിമാനത്തിന്റെ ഭാഗങ്ങൾ 112 കിലോമീറ്റർ അകലെ രാജസ്ഥാനിലെ ഭരത്‌പുർ ജില്ലയിൽ വീണു. വിമാനം തകരും മുൻപ് ഇജെക‍്ഷൻ സംവിധാനത്തിലൂടെ പുറത്തുകടന്ന 2 പൈലറ്റുമാരും പരുക്കുകളോടെ രക്ഷപ്പെട്ടു. മുറൈനയിലെ പഹാട്ഗഡിലാണു മിറാഷ് വിമാനം വീണത്. ഈ വിമാനത്തിന്റെ പൈലറ്റ് വിങ് കമാൻഡർ ഹനുമന്ത് റാവു സാരഥിയാണു കൊല്ലപ്പെട്ടത്.