
കേന്ദ്ര സർക്കാരിന്റെ പിന്തിരിപ്പൻ നയങ്ങളാലുള്ള കടുത്ത സാമ്പത്തിക ഞെരുക്കത്തിലും സാമൂഹ്യസുരക്ഷാ നടപടികൾ തുടരുന്നതാകും സംസ്ഥാന ബജറ്റ്. ക്ഷേമപ്രവർത്തനങ്ങളുടെ വിഹിതം കുറയ്‌ക്കാതെ, ചെലവുകൾ നിയന്ത്രിക്കാനും വരുമാനം ഉയർത്താനുമുള്ള നിർദേശങ്ങൾ പരിഗണിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ ഫെബ്രുവരി മൂന്നിന് ബജറ്റ് അവതരിപ്പിക്കും.
കേന്ദ്രത്തിൽനിന്നുള്ള റവന്യു കമ്മി ഗ്രാന്റിൽ നടപ്പുവർഷത്തെ അപേക്ഷിച്ച് 8425 കോടി രൂപ അടുത്ത സാമ്പത്തികവർഷം കുറയാനിടയുണ്ട്. ജിഎസ്‌ടി നഷ്ടപരിഹാരം ഇല്ലാതാക്കൽ, അനാവശ്യ കടപരിധി നിയന്ത്രണങ്ങൾ, കേന്ദ്രനികുതി വിഹിതത്തിലെ കുറവ് എന്നിവയിലൂടെ 32,000 കോടി രൂപയും വരുമാനത്തിൽ കുറയും. ഇതിനിടയിലും പെൻഷൻ, സബ്‌സിഡികൾ, സ്‌റ്റൈപെൻഡ്, സ്‌കോളർഷിപ്പുകൾ, പോഷകാഹാരം ഉറപ്പാക്കൽ, ചികിത്സാ സൗജന്യങ്ങൾ തുടങ്ങിയ ആനകൂല്യങ്ങളും സമാശ്വാസങ്ങളും നിലനിർത്തും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ വിവിധ സമിതികളുടെ നിർദേശങ്ങൾ നടപ്പാക്കും.

