ഡബിൾ ഡെക്കർ “സീ അഷ്ടമുടി” യുടെ കൊല്ലത്തെ സവാരി ഉടൻ ആരഭിക്കും. മുകൾനില കൊല്ലത്താണ് പൂർത്തിയാക്കിയത്. ആധുനിക സൗകര്യങ്ങളോടെയാണ് നിർമാണം. ഇപ്പോൾ അരവിള കടവിലാണ്‌ ബോട്ടുള്ളത്‌.മന്ത്രിയുമായി ആലോചിച്ച് ജനുവരിയിൽത്തന്നെ സർവീസ് ആരംഭിക്കുമെന്ന് ജലഗതാഗതവകുപ്പ് അധികൃതർ പറഞ്ഞു.

താഴത്തെനിലയിൽ 60-ഉം മുകളിൽ 30-ഉം ഇരിപ്പിടങ്ങളാണ്ഒരുക്കിയിരിക്കുന്നത്. രണ്ട് നിലകളിലും പ്രകൃതിസൗഹൃദ ശൗചാലയങ്ങളുണ്ട്.

ബോട്ടിന് ആകെ 5.5 മീറ്റർ ഉയരമുണ്ട്. 1.9 കോടിയോളം രൂപ ചെലവാക്കിയാണ് നിർമാണം.രാവിലെ പത്തിന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അഷ്ടമുടിക്കായലിന്റെ എട്ട് മുടികളും കല്ലടയാറും സന്ദർശിച്ച് വൈകീട്ട് അഞ്ചിന് തിരിച്ചെത്തുന്നവിധമാണ് സർവീസ് ക്രമീകരിക്കുന്നത്. കുടുംബശ്രീ ഒരുക്കുന്ന ഭക്ഷണം ബോട്ടിൽ ലഭിക്കും.

ആലപ്പുഴയിലും കുടുംബശ്രീയാണ് ഭക്ഷണം നൽകുന്നത്. ഇവിടെനിന്ന് കുടുംബശ്രീ പ്രവർത്തകരെ ആലപ്പുഴയിലെത്തിച്ച് പരിശീലനം നൽകിയിട്ടുണ്ട്.

ടിക്കറ്റ് നിരക്ക് ആലപ്പുഴയിൽ നടപ്പാക്കിയതുപോലെയായിരിക്കും. ആലപ്പുഴയിൽ മൂന്നുമണിക്കൂർ യാത്രയ്ക്ക് മുകൾനിലയിലെ സീറ്റിന് മുന്നൂറു രൂപയും താഴത്തെനിലയിൽ 250 രൂപയുമാണ്. കൊല്ലത്ത് അഞ്ചുമണിക്കൂർ യാത്രയാണ് ഉദ്ദേശിക്കുന്നത്. അതിനനുസരിച്ചുള്ള യാത്രാനിരക്ക് ഏർപ്പെടുത്താനാണ് തീരുമാനം. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്താണ് ബോട്ട് നിർമിക്കാൻ അനുമതി നൽകിയതെങ്കിലും കോവിഡ് വ്യാപനത്തെത്തുടർന്ന് നിർമാണം മന്ദഗതിയിലാകുകയായിരുന്നു.

ജലഗതാഗതവകുപ്പിന്റെ പഴഞ്ചൻ ബോട്ടുകളെയും സ്വകാര്യ ഹൗസ് ബോട്ടുകളെയും ആശ്രയിച്ചാണ് ഇപ്പോൾ കായൽയാത്ര നടത്തുന്നത്.

error: Content is protected !!