
കലയുടെ ദേശമായ കോഴിക്കോട്ടെ 24 വേദികളിൽ 61–-ാമത് കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് അരങ്ങുണരും. അഞ്ചുനാൾ നീളുന്ന കലോത്സവത്തിന്റെ ഒരുക്കം പൂർത്തിയായതായി സ്വാഗതസംഘം ചെയർമാൻ മന്ത്രി പി എ മുഹമ്മദ് റിയാസും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും അറിയിച്ചു.

239 ഇനങ്ങളിലാണ് മത്സരം. അറബിക് കലോത്സവം, സംസ്‌കൃതോത്സവം എന്നിവ ഉൾപ്പെടെ 24 വേദികളിലാണ് മത്സരം. രജിസ്‌ട്രേഷൻ തിങ്കളാഴ്‌ച തുടങ്ങി.

ഇന്ന് രാവിലെ 8.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു പതാക ഉയർത്തും. 8.40 മുതൽ 50 മിനിറ്റ് ദൃശ്യവിസ്‌മയം. 9.40ന് കൗമാരപ്രതിഭകളെ വരവേറ്റ് സ്വാഗതഗാനം. ഉദ്‌ഘാടനസമ്മേളനത്തിൽ നടി ആശ ശരത് വിശിഷ്ടാതിഥിയാകും. ഏഴിന് വൈകിട്ട് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും. ഗായിക കെ എസ് ചിത്ര മുഖ്യാതിഥിയാകും. അപ്പീലുമായി എത്തുന്നവരെ കൂടാതെ 9352 മത്സരാർഥികളുണ്ട്.

ആദ്യസംഘത്തെ ജനപ്രതിനിധികളും സംഘാടകസമിതി ഭാരവാഹികളും വരവേറ്റു. മത്സരാർഥികൾക്ക് 20 വിദ്യാലയങ്ങളിലാണ് താമസസൗകര്യം. മത്സരാർഥികൾക്കായി 30 കലോത്സവ വണ്ടികളും സജ്ജം. കലോത്സവമേളയുടെ ചരിത്രത്തിലാദ്യമാണിത്. വേദികൾ, ഭക്ഷണസ്ഥലം, താമസസ്ഥലം എന്നിവിടങ്ങളിലേക്ക് യാത്രാസൗകര്യം ഉണ്ടാകും. കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന ഓട്ടോകളുമുണ്ട്.

വാർത്താസമ്മേളനത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, ലിന്റോ ജോസഫ്, ഇ കെ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
