
കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പ്രചാരണാർത്ഥം വിളംബര റാലി സംഘടിപ്പിച്ചു. നിയമസഭാ അങ്കണത്തിൽ കായിക മന്ത്രി വി. അബ്ദുറഹിമാൻ വിളംബര റാലി ഫ്ളാഗ് ഓഫ് ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എം എൽ എ സന്നിഹിതനായിരുന്നു. സൈക്ലിംഗ്, റോളർസ്‌കേറ്റിംഗ്, കരാട്ടെ, ഹാൻഡ് ബോൾ താരങ്ങൾക്ക് പുറമെ ഇരുചക്ര വാഹനങ്ങളിൽ നിയമസഭാ സെക്രട്ടേറിയേറ്റിലെ ജീവനക്കാരും റാലിയുടെ ഭാഗമായി. നിയമസഭാ പ്രധാന കവാടത്തിൽ നിന്നാരംഭിച്ച റാലി മ്യൂസിയം, കവടിയാർ, വെള്ളയമ്പലം, വിമൻസ് കോളേജ്, ബേക്കറി ജംഗ്ഷൻ, സെക്രട്ടേറിയേറ്റ് അനക്സ്, പ്രസ്‌ക്ലബ്ബ്, സ്റ്റാച്യു, യൂണിവേഴ്സിറ്റി കോളേജ്, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം വഴി നിയമസഭയിൽ തിരിച്ചെത്തി. വിളംബര റാലി ആരംഭിക്കുന്നതിന് മുമ്പ് നിയമസഭാ അങ്കണത്തിൽ റോളർ സ്‌കേറ്റിംഗ് താരങ്ങൾ റോളർ സ്‌കേറ്റിംഗ് നൃത്തവും കരാട്ടെ താരങ്ങൾ അഭ്യാസ പ്രകടനങ്ങളും നടത്തി.
