കടയ്ക്കൽ ഗ്രാമപഞ്ചായത്ത് അയല്‍ക്കൂട്ട സംഗമം ‘ചുവട് 2023 ന്റെ ഭാഗമായി വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽവച്ച് കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഫ്ലാഗ് ഓഫ്‌ ചെയ്തു.

പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വേണു കുമാരൻ നായർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കടയിൽ സലീം, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. എം മാധുരി, ഷാനി,സി ഡി എസ് ചെയർപേഴ്സൺ രാജേശ്വരി, ബീന കുറ്റിക്കാട്, പ്രീതൻ ഗോപി, ആർ ലത, സി ഇന്ദിരാഭായി, രമ്യ എന്നിവർ പങ്കെടുത്തു.26ന് ആരംഭിച്ച് മെയ് 17ന് പൂര്‍ത്തിയാകുന്ന വിധത്തില്‍ വൈവിധ്യമാര്‍ന്ന കര്‍മ പരിപാടികള്‍ക്കാണ് കുടുംബശ്രീ തുടക്കമിടുന്നത്. അയല്‍ക്കൂട്ട സംഗമത്തിന്‍റെ ഭാഗമായി 26ന് സംസ്ഥാനത്തെ എല്ലാ അയല്‍ക്കൂട്ടങ്ങളിലും രാവിലെ എട്ടു മണിക്ക് ദേശീയ പതാക ഉയര്‍ത്തും.

തുടര്‍ന്ന് അയല്‍ക്കൂട്ട സംഗമഗാനം അവതരിപ്പിക്കും. അതിനു ശേഷം അംഗങ്ങള്‍ ഒരുമിച്ച് കുടുംബശ്രീ യൂട്യൂബ് ചാനല്‍ വഴി അയല്‍ക്കൂട്ട സംഗമ സന്ദേശം കാണും. ഇതിനു ശേഷമാണ് വിവിധ വിഷയങ്ങളില്‍ ഊന്നിയുള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കുക.

അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, മികച്ച വരുമാനദായക ഉപജീവന പ്രവര്‍ത്തനങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം ഗുണമേന്‍മയുള്ള ജീവിത നിലവാരം എന്നിവ ഉള്‍പ്പെടെയുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിനായി കുടുംബശ്രീ സംവിധാനത്തെ പ്രാപ്തമാക്കുന്നതിന്‍റെ തുടക്കമായി അയല്‍ക്കൂട്ട സംഗമത്തെ മാറ്റുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

error: Content is protected !!